79 ദിവസം പൂട്ടിയിട്ട് ലൈംഗിക പീഡനം, ദാമ്പത്യ പ്രശ്നം തീർക്കാൻ ഭർതൃവീട്ടുകാരുടെ കൊടുക്രൂരത

0
57

ഒഡിഷ: വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവും ഭർതൃ മാതാപിതാക്കളും നിർബന്ധിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഒഡീഷയിലെ ബാലസോർ ജില്ലയിൽ നിന്നുള്ള സ്ത്രീയുടേതാണ് പരാതി. മന്ത്രവാദിക്കും ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരനുമെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഈ ദമ്പതികൾക്ക് രണ്ട് വയസ്സുള്ള മകനുണ്ട്. 79 ദിവസത്തോളം മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

എസ്‌കെ തരാഫ് എന്നയാളാണ് ക്ഷുദ്ര പ്രയോഗങ്ങളും മറ്റും നടത്തുന്നയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2017-ൽ വിവാഹം കഴിച്ചതുമുതൽ ഭർതൃ വീട്ടുകാരുമായി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് പരാതിയിൽ യുവതി പരാമർശിച്ചു. അവർ തന്നോട് മോശമായി പെരുമാറിയെന്ന് അവർ ആരോപിച്ചു. തന്റെ ഭർത്താവിനെ വിവരമറിയിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും സ്ത്രീ പറഞ്ഞു. അടുത്തിടെ, ഭർത്താവ് ഒരു കട തുടങ്ങുന്നതിന്റെ ആവശ്യവുമായി മറ്റൊരു നഗരത്തിലേക്ക് പോയി. ഈ സമയം ഭർതൃമാതാവ് യുവതിയെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോയി. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേനയാണ് കൊണ്ടുപോയത്.

എന്നാൽ തന്റെ എതിർപ്പ് വകവെക്കാതെ തന്നെ അവിടെ ഉപേക്ഷിച്ച് ഭർതൃവീട്ടുകാർ തിരിച്ച് പോയെന്ന് യുവതി പറഞ്ഞു. തനിക്ക് മന്ത്രവാതിയുടെ വീട്ടിൽ ദിവസങ്ങളോളം കഴിയേണ്ടി വന്നു എന്നും പരാതിയിൽ യുവതി പറയുന്നു. മുറിയിൽ പൂട്ടിയിട്ടിരിക്കുകയിരുന്നു. ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. കുടുംബവുമായി ബന്ധപ്പെടാൻ മാർഗമില്ലായിരുന്നുവെന്നും സ്ത്രീ ആരോപിച്ചു. ഏപ്രിൽ 28 ന് യുവതിക്ക് മന്ത്രവാദിയുടെ മൊബൈൽ ഫോൺ കയ്യിൽ കിട്ടി. താൻ നേരിടുന്ന പീഡനത്തെ കുറിച്ച് യുവതി സ്വന്തം രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. രക്ഷിതാക്കൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.