ഡൽഹിയിൽ രണ്ടിടത്ത് വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് സഹോദരന്മാർക്ക് പരിക്ക്; ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങളെന്ന് പോലീസ്

0
68

ഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടത്തായി നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിലെ ഖേര ഗ്രാമത്തിലും പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് നഗറിലുമാണ് മൂന്ന് മണിക്കൂറിനിടെ രണ്ട് വെടിവെയ്പ്പുകൾ നടന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഖേരയിൽ നടന്ന ആക്രമണത്തിൽ ജയിലിൽ കിടക്കുന്ന കുറ്റവാളിയുടെ അച്ഛനാണ് കൊല്ലപ്പെട്ടത്.

തടവിൽ കഴിയുന്ന രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് ആക്രമണം നടന്നതെന്ന് പോലീസ് കരുതുന്നു. 50-കാരനായ ഭ്രം പ്രകാശ് എന്നായാളാണ് കൊല്ലപ്പെട്ടതെന്നും ഗോഗി എന്ന ഗുണ്ടാസംഘത്തിലെ അംഗത്തിന്റെ അച്ഛനാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘം വൈകിട്ട് അഞ്ച് മണിയോടെയാണ് ഭ്രം പ്രകാശിന് നേരെ വെടിയുതിർത്തത്.

ഖേരയ്‌ക്ക് മുപ്പത് കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ ആക്രമണം. അജയ് ചൗധരി, ജസ്സ ചൗധരി എന്നീ രണ്ട് സഹോദരന്മാർക്കാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവർക്കും നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വൈകിട്ട് എട്ട് മണിയോടെയായിരുന്നു ആക്രമണം. അക്രമികളുടെ ഉദ്ദേശ്യവും ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.