പൂരം പൊടിപൂരം: സാമ്പിള്‍ വെടിക്കെട്ട് രാത്രി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

0
151

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂര ലഹരിയില്‍ നാടും നഗരവും. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും സാമ്പിള്‍ വെടിക്കെട്ട് നടത്തും. സ്വരാജ് റൗണ്ടില്‍ വെടിക്കെട്ട് കാണാന്‍ ആളെ പ്രവേശിപ്പിക്കുന്നതിന് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ വൈകിട്ട് മൂന്ന് മണിമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദര്‍ശനം അല്‍പ സമയത്തിനകം തുടങ്ങും. തിരുവമ്പാടി ദേവസ്വത്തിന്റെ പ്രദര്‍ശനോദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദര്‍ശനത്തിനുണ്ടാകും.

നാളെയും പ്രദര്‍ശനം തുടരും. നാളെ പ്രദര്‍ശനം കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെത്തും. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് നാളെ നടക്കും. മെയ് 10 നാണ് തൃശൂര്‍ പൂരം. പൂരപ്പിറ്റേന്ന് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ അടുത്ത പൂര നാളിന്റെ പ്രഖ്യാപനമുണ്ടാകും.