ഷവർമ നിരോധിക്കും; പരിഗണനയിലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

0
71

ചെന്നൈ: സംസ്ഥാനത്ത് ഷവർമയുടെ നിർമ്മാണവും വിൽപ്പനയും നിരോധിക്കുന്നത് സർക്കാറിന്റെ പരിഗണനയിലുള്ള വിഷയമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യം. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഷവർമയ്‌ക്ക് നിരോധനമേർപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചത് ഞെട്ടലുണ്ടാക്കി.

തമിഴ്‌നാട്ടിൽ നടത്തിയ വ്യാപക പരിശോധനയിൽ ആയിരത്തിലധികം കടകൾക്ക് നോട്ടീസും പിഴയും നൽകിയതായി ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. യുവജനങ്ങളാണ് ഷവർമ കൂടുതലായും കഴിക്കുന്നത്. കുറഞ്ഞ കാലയളവിനിടെ നിരവധി ഷവർമ വിൽപ്പന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് തുറന്നത്. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണ് ഷവർമ. അവിടങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല.

അതേസമയം നമ്മുടെ രാജ്യത്ത് കൂടുതൽ സമയം ഇത്തരം വിഭവങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശിയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച മെഗാ കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.