9 പേരുമായി പോയ വാഗനർ കാർ അപകടത്തിൽപ്പെട്ടു; ഏഴ് പേർ മരിച്ചു; അപകടം യമുന എക്‌സ്പ്രസ്‌വേയിൽ

0
59

ലക്‌നൗ: യമുന എക്‌സ്പ്രസ്‌വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഒമ്പതുപേരെ വഹിച്ച് സഞ്ചരിച്ചിരുന്ന വാഗനർ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കാറിലെ യാത്രികരായ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുഞ്ഞുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ഉത്തർപ്രദേശിലെ മഥുരയ്‌ക്ക് സമീപം നൗജീലിലാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് പോകുകയായിരുന്ന വാഗനർ കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നുവെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.

തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ചികിത്സയിൽ കഴിയുന്നവരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്.