സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി അഫ്ഘാനിസ്ഥാനിലെ   താലിബാൻ ഭരണകൂടം

0
74

സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി അഫ്ഘാനിസ്ഥാനിലെ  (Afghanistan) താലിബാൻ (Taliban)ഭരണകൂടം. മുഖം മറയ്ക്കുന്ന മത വേഷം  ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അകുൻസാദ ഉത്തരവിട്ടു. ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പഠനം താലിബാൻ അധികാരത്തിൽ വന്നതോടെ നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാര സ്വാതന്ത്ര്യം അടക്കം വിലക്കുന്ന പുതിയ ഉത്തരവ്. മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ പറയുന്നു. 1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് ബുർഖ നിർബന്ധമായിരുന്നു. താലിബാന്‍റെ പുതിയ നിയമങ്ങളോടെ ലോകത്തെ ഏറ്റവും സ്ത്രീവിരുദ്ധമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമായി അഫ്ഘാനിസ്ഥാൻ മാറിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ വന്നതോടെ വിനാശകരമായ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്. ഭക്ഷണത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും രൂക്ഷമായ ക്ഷാമത്തിന് പുറമേ, രാജ്യത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനകളും സംഭവിച്ച് കൊണ്ടിരിക്കയാണ്. പ്രത്യേകിച്ച്, താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ ജീവിതം നാൾക്കുനാൾ ദുസ്സഹമാവുകയാണ്. കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ താലിബാൻ ഭരണകൂടം ബുർഖയും നിർബന്ധമാക്കി.
താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ്, കാബൂൾ ഉൾപ്പെടെ രാജ്യത്തെ ചില പ്രധാന നഗരങ്ങളിൽ സ്ത്രീകൾ വാഹനമോടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. എഎഫ്പി വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തിൽ പോലും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്താൻ ഡ്രൈവിംഗ് പരിശീലകരോട് താലിബാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈസൻസ് നൽകുന്നത് നിർത്താൻ വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഹെറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാഫിക് മാനേജ്‌മെന്റ് മേധാവി ജാൻ അഗ അചക്‌സായി പറഞ്ഞു.
ഈ പുതിയ തീരുമാനം സ്ത്രീകളെ കുറച്ചൊന്നുമല്ല ചൊടിപ്പിക്കുന്നത്. അമ്മമാർക്ക് ലഭിച്ചത് പോലുള്ള അവസരങ്ങൾ പുതിയ തലമുറയ്ക്ക് ലഭിക്കാതിരിക്കാൻ താലിബാൻ ശ്രമിക്കുന്നുവെന്നാണ് 29 -കാരിയായ വനിതാ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആദില ആദീൽ പറയുന്നത്. സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കരുതെന്നും, അവർക്ക് ലൈസൻസ് നൽകരുതെന്നും ഞങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും ആദില പറഞ്ഞു. എന്നാൽ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ആണുങ്ങൾ ഓടിക്കുന്ന വാഹനത്തിൽ ഇരിക്കുന്നതിനേക്കാൾ സുരക്ഷിതത്വം സ്ത്രീകൾ ഓടിക്കുന്ന വാഹനത്തിൽ ഇരിക്കുമ്പോഴാണ് എന്നും അവർ കൂട്ടിച്ചേർത്തു.
ഇതുപോലെതന്നെ അടുത്തിടെ ഇറക്കിയ മറ്റൊരു ഉത്തരവിൽ, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ആറാം ക്ലാസിന് മുകളിലുള്ള ക്ലാസ്സുകളിൽ പെൺകുട്ടികളെ വിലക്കിയിരുന്നു. അധ്യാപകരുടെ കുറവു കാരണമാണ് ഈ നീക്കമെന്നും ആറാം ക്ലാസ്സ് കഴിഞ്ഞും പഠിക്കാനുള്ള പെൺകുട്ടികളുടെ അവകാശം ഉടൻ തിരികെ കൊണ്ടുവരുമെന്നും താലിബാൻ നേതാക്കൾ പിന്നീട് പറയുകയുണ്ടായി.
താലിബാൻ കഴിഞ്ഞ വർഷം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, 1996-2001 കാലഘട്ടത്തിൽ അവർ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ ഇത്തവണ ആവർത്തിക്കില്ലെന്ന് വാ​ഗ്‍ദ്ധാനം ചെയ്തിരുന്നു. കൂടാതെ, തങ്ങളുടെ സമീപനം മാറി എന്ന് ബോധ്യപ്പെടുത്താൻ തുടക്കത്തിൽ മൃദുഭരണം കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ദിവസം കഴിയുന്തോറും ഇത് സത്യമല്ല എന്ന് തെളിയുകയാണ്. അധികാരത്തിൽ തിരിച്ചെത്തിയ ശേഷം താലിബാൻ സർക്കാർ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് കടിഞ്ഞാൺ ഇടുകയാണ്. ഇതിന് പുറമേ, ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അടിയന്തര ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടുന്നത് അഫ്ഗാനിസ്ഥാനിലാണ്. 23 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണവിടെ. കൂടാതെ, ഏകദേശം 95 ശതമാനം ആളുകൾക്കും ഭക്ഷണം അപര്യാപ്തമാണ്.