വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു; സിനിമാമോഹവുമായി എത്തുന്ന പെൺകുട്ടികളെ ദുരുപയോഗിച്ചതിന് തെളിവ്; ഫ്രൈഡേ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം

0
70

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി പീഡനത്തിന് ഇരയായ നടിയും മൊഴി നൽകിയിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹവുമായി എത്തുന്ന പെൺകുട്ടികളേയും ഇയാൾ ദുരുപയോഗിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ ഇയാൾ യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

നടിയെ ബലാത്സംഗം ചെയ്ത കേസ് പുറത്ത് വന്നതിന് പിന്നാലെ പണം നൽകി കേസ് ഒതുക്കാൻ ശ്രമിച്ച മലയാളി സംരംഭകനെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് മുൻപ് കൂട്ടാളിയായ സംരംഭകനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. പരാതി നൽകിയ നടിയേയും പരാതി നൽകാനൊരുങ്ങിയ മറ്റൊരു യുവതിയേയും ഇയാൾ ബ്ലാക്ക് മെയിൽ ചെയ്ത് പിന്തിരിപ്പാൻ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

ഇതേ സംരംഭകന്റെ ഫോൺ വിളികൾ പരിശോധിച്ചാണ് വിജയ് ബാബുവിന്റെ ഒളിത്താവളം സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഈ വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. വിജയ് ബാബുവിനെതിരെ ബ്ലൂ കോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.