പ്രതലത്തിലൂടെ ഉള്ളതിനേക്കാള്‍ കൊവിഡ് പകരാന്‍ 1000 മടങ്ങ് സാധ്യത വായുവിലൂടെയെന്ന് പഠനം

0
77

പ്രതലത്തിലൂടെ ഉള്ളതിനേക്കാൾ വായുവിലൂടെയുള്ള വൈറൽ കണങ്ങളിൽ നിന്ന് കൊവിഡ് (covid 19) ലഭിക്കാനുള്ള സാധ്യത 1,000 മടങ്ങ് കൂടുതലാണെന്ന് പഠനം. യുഎസിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2020 ഓഗസ്റ്റ് മുതൽ 2021 ഏപ്രിൽ വരെ കാമ്പസിൽ നടത്തിയ പാരിസ്ഥിതിക നിരീക്ഷണ പരിപാടിയിൽ ഉപരിതല സാമ്പിളുകൾ ശേഖരിച്ചു. എക്സ്പോഷർ സയൻസ് ആന്റ് എൻവയോൺമെന്റൽ എപ്പിഡെമിയോളജി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ, റിഹേഴ്‌സൽ റൂമുകൾ, കഫറ്റീരിയകൾ, ബസുകൾ, ജിമ്മുകൾ എന്നിവയുൾപ്പടെയുള്ള പൊതു ഇടങ്ങളിലായിരുന്നു പഠനം.

‘ഉപരിതല പ്രക്ഷേപണത്തിന്റെ അപകടസാധ്യത വായുവിലൂടെയുള്ള പ്രക്ഷേപണത്തേക്കാൾ 1,000 മടങ്ങ് കുറവാണ്…’ – യുഎം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫ. ചുവാൻവു സി പറഞ്ഞു. ക്യാമ്പസിൽ പോസിറ്റീവ് കേസുകളുള്ള സമയത്ത് വായുവിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ വലിയ അളവിൽ വൈറസിനെ കണ്ടെത്തിയിരുന്നു. കൊവിഡ് 19 വന്നതിന് ശേഷം ലോകത്ത് ആകെ ഒന്നര കോടിയോളം പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 62 ലക്ഷം പേരാണ് ഔദ്യോഗിക കണക്കുകളില്‍ ലോകത്താകെയും കൊവിഡ് 19 മായി ബന്ധപ്പെട്ട് മരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിച്ച് മാത്രമല്ല, അതിനോട് അനുബന്ധമായി മെഡിക്കല്‍ മേഖലകള്‍ പ്രതിസന്ധികള്‍ നേരിട്ടത് മുഖേനയും ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലുള്‍പ്പെടുന്നുണ്ട്.

അതായത്, ഒരു ക്യാന്‍സര്‍ രോഗിക്ക് കൊവിഡ് കാലത്ത് ചികിത്സ നിഷേധിക്കപ്പെടുകയും അയാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തുവങ്കില്‍ അതും ഈ കണക്കിലുള്‍പ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ആണ് ഇന്ന് കണക്കുകള്‍ പുറത്തുവിട്ടത്. വളരെയധികം ഗൗരവമായി കാണേണ്ടതാണ് ഈ കണക്കെന്നും ഭാവിയില്‍ ഇത്തരത്തില്‍ മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ സംഭവിച്ചുകഴിഞ്ഞാല്‍ ഇത്രയധികം ജീവനുകള്‍ നഷ്ടമാകാതിരിക്കാന്‍ നാം സജ്ജരാകേണ്ടതിന്റെ ആവശ്യകത ഈ കണക്ക് ഓര്‍മ്മപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.