രാജ്യത്ത് കൊറോണ വ്യാപനം കൂടുന്നു; ചികിത്സയിലുള്ളവർ 20,000 കവിഞ്ഞു; കേരളത്തിൽ 400 പ്രതിദിന രോഗികൾ

0
85

ഡൽഹി: രാജ്യത്ത് കൊറോണ രോഗികളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,805 പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചത്തേക്കാൾ 7.3 ശതമാനം രോഗികൾ ഇന്ന് കൂടുതലാണ്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം 4.30 കോടിയായി ഉയർന്നിട്ടുണ്ട്. അതേസമയം പ്രതിദിന രോഗികൾ വർധിച്ചതോടെ സജീവ രോഗികളുടെ എണ്ണവും രാജ്യത്ത് കൂടിയിരിക്കുകയാണ്.

ഏറെ നാളുകൾക്ക് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 615 സജീവ രോഗികൾ കൂടി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 20,303 ആയി. അതേസമയം 3,168 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 98.74 ശതമാനമാണ് രോഗമുക്തി നിരക്ക്. 22 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു ഇതോടെ ആകെ മരണം 5,24,024 ആയി.

ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ളത് ഡൽഹിയിലാണ്. 1,656 പുതിയ രോഗികളാണ് രാജ്യതലസ്ഥാനത്ത് മാത്രം റിപ്പോർട്ട് ചെയ്തത്. ഹരിയാന – 582, കേരളം – 400, യുപി – 320, മഹാരാഷ്‌ട്ര – 205 എന്നിങ്ങനെയാണ് രോഗബാധ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്.