‘മണം അറിയാനാവുന്നില്ല, തലച്ചോറിന് ക്ഷതമുണ്ട്’; ഗാർഹിക പീഡനത്തെ കുറിച്ച് പൂനം

0
85

മുൻ ഭര്‍ത്താവ് സാം ബോംബെയിൽ നിന്നും നേരിടേണ്ടി വന്ന ​ഗാർഹിക പീഡനങ്ങൾ തുറന്നുപറഞ്ഞ് നടി പൂനം പാണ്ഡെ. ഗാർഹിക പീഡനത്തിന് ഇരയായ സമയത്ത് സെറിബ്രൽ ഹമറേജ് ഉണ്ടായെന്നും ഇതോടെ മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നും പൂനം പറയുന്നു. പീഡനം കാരണം ആത്മഹത്യക്ക് വരെ താൻ ശ്രമിച്ചുവെന്നും പൂനം വെളിപ്പെടുത്തുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൂനത്തിന്റെ വെളിപ്പെടുത്തൽ. ‘എനിക്ക് വസ്തുക്കളുടെ മണം അറിയാൻ സാധിക്കുന്നില്ല. മറ്റുള്ളവരോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്. ഞാൻ നേരിട്ട ഗാർഹിക പീഡനത്തെ തുടർന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിൻ ഹമറേജും സംഭവിച്ചു. ഞാനിപ്പോൾ മാനസികമായും ശാരീരികമായും ഞാൻ കരുത്താർജിച്ചു വരികയാണ്. വളർത്തു മൃഗങ്ങളെ സ്നേഹിച്ചതിനു കൂടി ഞാൻ അയാളിൽ നിന്നും മർദനമേൽക്കേണ്ടി വന്നു. അതായിരുന്നു എന്റെ സെറിബ്രൽ ഹെമറേജിന്റെ കാരണം. അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല‘, എന്ന് പൂനം പറയുന്നു.

നടി കങ്കണ റണാവത്ത് അവതാരകയായ ‘ലോക്കപ്പ് ഷോ’യിലും താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പൂനം തുറന്ന് പറഞ്ഞിരുന്നു. ‘വിവാഹ ശേഷം ഞാന്‍ അയാളുടെ പൂര്‍ണനിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. എപ്പോഴും അയാള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന വാശിയായിരുന്നു കാരണം. നരവധി തവണ വിവാഹബന്ധം നിലനിര്‍ത്താന്‍ ഞാൻ ശ്രമിച്ചു. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. എന്റെ ക്ഷമ നശിച്ചു. ഇപ്പോൾ ഞാന്‍ അയാളെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല.” എന്നാണ് പൂനം അന്ന് പറഞ്ഞത്.

നേരത്തെയും സാമിനെതിരെ ആരോപണവുമായി പൂനം രം​ഗത്തെത്തിയിരുന്നു. തന്നെ ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി നടി പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്ക് ശേഷമായിരുന്നു ഈ സംഭവം. എന്നാല്‍ പിന്നീട് പൂനം തന്നെ കേസ് പിന്‍വലിക്കുകയും ഇയാള്‍ക്കൊപ്പമുള്ള ജീവിതം തുടരുകയും ചെയ്തു. 2020ലായിരുന്നു പൂനം പാണ്ഡെയും സാം ബോംബെയും തമ്മിലുള്ള വിവാഹം. കുടുംബാം​ഗങ്ങൾ മാത്രമുള്ള സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം. ഇതിനു ശേഷം ഇവർ ഹണിമൂണിനായി പുറപ്പെടുന്ന ചിത്രങ്ങളും വൈറലായിരുന്നു. ശേഷമായിരുന്നു പരാതിയുമായി നടി രം​ഗത്തെത്തിയത്.