തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കടത്തു സംഘങ്ങള്‍ തമ്പടിക്കുകയാണ് ജില്ലയില്‍. ഏറ്റവുമൊടുവില്‍ ഒന്നര കിലോക്കടുത്ത് കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ബൈക്കും കാറും മുതല്‍ ചരക്കുവാഹനങ്ങള്‍ വരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയാണ് ലഹരി മാഫിയ. മുണ്ടേരി, മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ വാഹന രിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്. പൊഴുതന അച്ചൂര്‍ ഇടിയംവയല്‍ ഇല്ലിയന്‍ വീട്ടില്‍ മുഹമ്മദ് റാഫി (24) ആണ് പിടിയിലായത്.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. പത്ത് വര്‍ഷം വരെ ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെബി. ബാബുരാജ്, വിനീഷ്. പി.എസ്, കെ.ജി ശശികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനില്‍.എ, ഉണ്ണികൃഷ്ണന്‍ കെ.എം, ജിതിന്‍. പി.പി, ബിനു എം.എം, സുരേഷ്.എം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അതേ മയക്കുമരുന്ന് വിതരണവും ഉപയോഗവും തടയുന്നതിനുള്ള നിയമത്തില്‍ കടുത്ത ശിക്ഷ കിട്ടാവുന്ന വകുപ്പുകളുണ്ടെങ്കിലും നിയമത്തില്‍ പ്രതിപാദിക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളം തടവോ വലിയ തുക പിഴയോ പലപ്പോഴും പ്രതികള്‍ക്ക് കിട്ടാറില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജാമ്യമെടുക്ക് പുറത്തിറങ്ങുന്ന പ്രതികള്‍ വീണ്ടും ലഹരി വില്‍പ്പന മേഖലയിലേക്ക് തന്നെ എത്തിപ്പെടുകയാണ്.