കൊലക്കേസിലെ തെളിവുകള്‍ കുരങ്ങൻ തട്ടിക്കൊണ്ടുപോയെന്ന വിചിത്രവാദവുമായി പോലീസ്

0
324

ജയ്പൂർ : കൊലപാതകക്കേസിലെ തെളിവുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൻ കൊണ്ടുപോയെന്ന വിചിത്രവാദവുമായി രാജസ്ഥാന്‍ പോലീസ്. കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് രാജസ്ഥാന്‍ പോലീസിന്റെ കയ്യില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. ഇതിന് പോലീസ് കുറ്റവാളിയാക്കിയിരിക്കുന്നത് ഒരു കുരങ്ങനെയാണ്. ജയ്പൂരിലെ കീഴ്‌ക്കോടതിയിലാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത് .

2016 സെപ്തംബറിൽ ജയ്പൂരിലെ ചാന്ദ്വാജി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ശശികാന്ത് ശർമ്മ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് തെളിവുകൾ ശേഖരിക്കുകയും കത്തി കണ്ടുകെട്ടുകയും ചെയ്തു. ചാന്ദ്വാജി സ്വദേശികളായ രാഹുൽ കന്ദേര, മോഹൻലാൽ കണ്ടേര എന്നിവരെ അഞ്ച് ദിവസത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു.

അഡീഷണൽ ജില്ലാ ജഡ്ജി കോടതിയിലാണ് ഇവരെ വിചാരണ ചെയ്തത്. എന്നാൽ തെളിവുകളടങ്ങിയ ബാഗ് പോലീസ് സ്‌റ്റേഷനിലെ മരത്തിന്റെ ചുവട്ടിലാണ് സൂക്ഷിച്ചിരുന്നത് . തെളിവുകൾ ഹാജരാക്കാൻ അടുത്തിടെ കോടതി ഉത്തരവിട്ടപ്പോൾ, ബാഗ് കുരങ്ങാണ് മോഷ്ടിച്ചതെന്ന് പോലീസ് രേഖാമൂലം മൊഴി നൽകി.