റെയിൽവേ പാലത്തിന് കീഴിൽ തുളഞ്ഞുകയറി വമ്പൻ കണ്ടെയ്‌നർ; ദൃശ്യങ്ങൾ പുറത്ത്

0
54

മുംബൈ: കിംഗ്‌സ് സർക്കിൾ റെയിൽവേ പാലത്തിനടിയിൽ വീണ്ടും ട്രക്ക് കുടുങ്ങി. ഡൽഹിയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവന്ന വലിയ കണ്ടെയ്നറാണ് കുടുങ്ങിയത്. ഇതാദ്യമായല്ല കിംഗ്‌സ് സർക്കിൾ പാലത്തിനടിയിൽ ഉയരമുള്ള വാഹനങ്ങൾ കുടുങ്ങുന്നത്. 2018 മുതൽ പല കണ്ടെയ്‌നറുകളും ലോറികളും കുടുങ്ങാറുണ്ടായിരുന്നു. ഈ പാലത്തിനിന് കീഴിലൂടെ ട്രക്ക് ഓടിക്കുന്നത് ആദ്യമായാണെന്നും തനിക്ക് പരിചിതമല്ലാത്ത വഴിയായരുന്നെന്നും ട്രക്കിന്റെ ഡ്രൈവർ കിഷൻ പ്രതികരിച്ചു.

പാലത്തിന്റെ ഉയരത്തെക്കുറിച്ച് ഒരു ധാരണ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയുടെ തലസ്ഥാന നഗരമായ മുംബൈയിലാണ് കിംഗ്‌സ് സർക്കിൾ റെയിൽവേ പാലം സ്ഥിതിചെയ്യുന്നത്. പാലത്തിനടിയിലേക്ക് ട്രക്ക് തുളഞ്ഞുകയറി നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ട്രക്ക് കുടുങ്ങിയതോടെ തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. പാലത്തിനടിയിൽ വാഹനങ്ങൾ കുടുങ്ങിയാൽ പിന്നീട് അത് എടുത്ത് മാറ്റുന്നതുവരെ പിറകിലെ വാഹനങ്ങൾക്ക് അനങ്ങാൻ പോലും നിർവാഹമുണ്ടാകാറില്ല.

പാലത്തിന്റെ ഉയരം 4.9 മീറ്ററാണെങ്കിലും ചില ഭാഗങ്ങളിൽ ഇതിന് 4.38 മീറ്ററാണ് ഉയരം. ഇതുമൂലമാണ് പലപ്പോഴും വലിയ വാഹനങ്ങൾ കുടുങ്ങുന്നത്. സിയോൺ ഹോസ്പിറ്റലിൽ നിന്ന് മാട്ടുംഗയിലേക്കും ദാദറിലേക്കും പോകുന്ന പാതയിലാണ് കിംഗ്‌സ് സർക്കിൾ പാലം നിർമ്മിച്ചിരിക്കുന്നത്. സമീപത്ത് തന്നെയാണ് കിംഗ്‌സ് സർക്കിൾ റെയിൽവേ സ്റ്റേഷനുമുള്ളത്. വാഹനങ്ങൾ കുടുങ്ങാത്ത സാഹചര്യങ്ങളിൽ പോലും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള പാതയാണിത്. അതുകൊണ്ട് തന്നെ പകൽസമയത്ത് ഇതുവഴി വലിയ ട്രക്കുകളും കണ്ടെയ്നറുകളും അനുവദിക്കാറില്ല.