ഭാര്യയെ കൊന്നതിന് ഭർത്താവ് ജയിലിൽ; മരിച്ചെന്ന് കരുതിയ ഭാര്യയുടെ ജീവിതം കാമുകനോടൊപ്പം

0
49

പാറ്റ്‌ന: ‘ത്രികോണ പ്രണയത്തിന്റെ’ ക്ലൈമാക്‌സിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. സിനിമയെ വെല്ലുന്ന സംഭവം ബിഹാറിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിലെ മോതിഹാരിയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതി കാമുകനോടൊപ്പം ജീവിക്കുന്നതായി കണ്ടെത്തി. ജലന്ധറിലായിരുന്നു മരിച്ചെന്ന് കരുതിയ യുവതി താമസിച്ചിരുന്നത്. ഇതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് നാളുകളായി ജയിലിൽ കഴിയുകയായിരുന്നു ഭർത്താവ് എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം.

ലക്ഷ്മിപൂർ സ്വദേശിയായ ദിനേഷ് റാമുമായി ശാന്തി ദേവിയെന്ന യുവതി 2016 ജൂണിലാണ് വിവാഹം കഴിച്ചത്. നാളുകൾക്ക് ശേഷം ശാന്തി ദേവിയെ കാണാതായി. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഓടിപ്പോയ യുവതി പഞ്ചാബിലുള്ള കാമുകന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. എന്നാൽ ഇതറിയാതെ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ഭർത്താവിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഉപദ്രവിച്ചിരുന്നതായും തങ്ങളുടെ മകളെ കൊന്നൊടുക്കിയതാകുമെന്നും കുടുംബം ആരോപിച്ചു.

ഇതോടെ അറസ്റ്റിലായ ഭർത്താവ് ദിനേഷ് കൊലപാതകക്കുറ്റത്തിന് ജയിലായി. വിവാഹശേഷം ദിനേഷ് 50,000 രൂപയും ബൈക്കും നിരന്തരമായി ആവശ്യപ്പെട്ടിരുന്നതിനാൽ കുടുംബത്തിന്റെ ആരോപണം ശരിവെക്കുകയായിരുന്നു അന്വേഷണ സംഘം. ദിനേഷ് ജയിലിലായെങ്കിലും അന്വേഷണ സംഘത്തിന് പിന്നീട് കേസിൽ ദുരൂഹത തോന്നുകയും അന്വേഷണം പുനരാരംഭിക്കുകയും ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒടുവിൽ ശാന്തിയെ പഞ്ചാബിൽ നിന്നും കണ്ടെത്തുകയായിരുന്നു.