നാല് ദിവസം പ്രായമായ കുഞ്ഞിനെ ആശുപത്രിയിൽ വെച്ച് എലി കടിച്ചു; തലയ്‌ക്കും കയ്യിനും കാലിനും ഗുരുതര പരിക്ക്

0
54

ബൊക്കാറോ: ജാർഖണ്ഡിൽ ഗിരിധി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ എലി കടിച്ചു. എലിയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ തലയിലും കയ്യിലും കാലിലുമാണ് എലി കടിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചുവെന്നും, അന്നേദിവസം ചുമതലയിലുണ്ടായിരുന്ന ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ കുഞ്ഞിനെ കുട്ടികളുടെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം കുട്ടിക്ക് കൂടുതൽ പരിചരണം ആവശ്യമാണെന്ന് പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞാണ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൊടുത്തത്. എന്നാൽ എലി കടിച്ച കാര്യം ഡോക്ടർമാർ ഉൾപ്പെടെ ആരും ഇവരോട് പറഞ്ഞതുമില്ല.

തുടർന്ന് ധൻബാദിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ഇവിടെ ചെന്നപ്പോഴാണ് കുഞ്ഞിനെ കയ്യിലും തലയിലും കാലിലുമെല്ലാം ബാൻഡേജ് ചുറ്റിയിരിക്കുന്നത് കാണുന്നത്. എന്നാൽ മാതാപിതാക്കൾക്ക് ഇതിനെ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. അവിടെ പരിശോധിച്ച ഡോക്ടറാണ് കുഞ്ഞിന് എലി കടിച്ച് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരം പറയുന്നത്. ഇതിന് പിന്നാലെ മാതാപിതാക്കൾ ആദ്യത്തെ ആശുപത്രിക്കെതിരെ പരാതി നൽകുകയായിരുന്നു.