77-കാരനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി: പരിശോധിച്ചത് 300 സിസിടിവി ദൃശ്യങ്ങള്‍, പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത പ്രതി

0
48

ഡല്‍ഹി: 77-കാരന്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തൽ. ഡല്‍ഹി സിവില്‍ ലൈന്‍ മെട്രോ സ്‌റ്റേഷന് സമീപമുള്ള വീട്ടിലാണ് റാം കിഷോര്‍ അഗര്‍വാളിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ബില്‍ഡറായ റാം കിഷോര്‍ കൊല്ലപ്പെട്ടത്. കേസില്‍ ബിഹാര്‍ സ്വദേശിയായ ഒരു പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതി മുന്‍പ് റാം കിഷോറിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു. മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. പണം സൂക്ഷിച്ചിരുന്ന ചില പെട്ടികളും വീട്ടില്‍ നിന്ന് കാണാതായിട്ടുണ്ട്.

മൂന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് മുന്‍പുള്ള രാത്രിയില്‍ ഒരു ബൈക്കുമായി പ്രതികള്‍ റാം കിഷോറിന്റെ വീട്ടിലെത്തിയിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു പ്രതികളെത്തിയത്. പ്രതികളിലൊരാള്‍ ബൈക്ക് വീടിന് പുറത്ത് പാര്‍ക്ക് ചെയ്‌ത ശേഷം മെട്രോയില്‍ ന്യൂഡല്‍ഹിയിലേക്കും ഇവിടെ നിന്ന് സമയപുറിലുള്ള വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ഓട്ടോറിക്ഷയില്‍ സിവില്‍ ലൈന്‍സ് പ്രദേശത്ത് എത്തിയ പ്രതികള്‍ വീട്ടിലേക്ക് പ്രവേശിക്കുകയും കൊലപാതകം നടത്തുകയുമായിരുന്നു. കൃത്യത്തിലേര്‍പ്പെടുന്ന സമയത്തെല്ലാം പ്രതികള്‍ മാസ്‌ക് ധരിച്ചിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഈ വിവരം മെട്രോ സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. മെട്രോ കാര്‍ഡുകളുടെ ഉപയോഗവും പോലീസ് നിരീക്ഷിച്ചിരുന്നു. ബുധനാഴ്ച രാവിലെ പ്രതി മെട്രോ സ്‌റ്റേഷനിലെത്തി സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ചതിന് പിന്നാലെ, മെട്രോ സുരക്ഷാ ജീവനക്കാര്‍ പ്രതിയെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.