‘ഒന്നും അവസാനിച്ചിട്ടില്ല’; ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററില്‍ തുടരുമോ? വലിയ സൂചന നല്‍കി സൂപ്പര്‍താരം

0
99

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) ബ്രന്റ്‌ഫോര്‍ഡിനെതിരായ മത്സരശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (Cristiano Ronaldo) നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘ഞാനും എന്റെ പ്രകടനങ്ങളും അവസാനിച്ചിട്ടില്ല…’ എന്നാണ് അദ്ദേഹം ക്യാമറയില്‍ നോക്കി പറഞ്ഞത്. ഇതോടെ അടുത്ത സീസണില്‍ റൊണാള്‍ഡോ, യുണൈറ്റഡ് താരമായി തുടരുമോയെന്നതില്‍ വീണ്ടും ആകാംക്ഷയേറി.
റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് പ്രസ്താവന എന്നതും ശ്രദ്ധേയം. സീസണില്‍ 18 ഗോള്‍ ആണ് റൊണാള്‍ഡോ നേടിയത്. സ്വന്തം ഗ്രൗണ്ടില്‍ 14 ഗോള്‍ നേടി. രണ്ട് ഗോള്‍ കൂടിനേടിയാല്‍ ക്ലബ്ബ് കരിയറില്‍ 700 ഗോള്‍ തികയ്ക്കാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് കഴിയും.
അതേസമയം ജയത്തോടെ മാഞ്ചസ്റ്റര്‍ യുറോപ്പ കപ്പ് സാധ്യതകള്‍ സജീവമാക്കി. ബ്രെന്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തകര്‍ത്തത്. ഒമ്പതാം മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് നേടി. 61-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യോനേ റൊണാള്‍ഡോയും, 72-ാം മിനിറ്റില്‍ റാഫേല്‍ വരാനെയും യുണൈറ്റഡിനായി വല കിലുക്കി.
യുണൈറ്റഡില്‍ വരാനെയുടെ ആദ്യ ഗോളാണിത്. ബ്രെന്‍ഫോര്‍ഡിനെതിരെയുളള വിജയത്തോടെ 58 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. രണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ, യുണൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് സാധ്യതകള്‍ വിരളമാണ്.
ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്ന ജുവാന്‍ മാറ്റ, നെമാജ മാറ്റിച്ച് എന്നിവര്‍ ഓള്‍ഡ് ട്രഫോര്‍ഡിനോട് വിടപറഞ്ഞു.