എന്നെ കുറിച്ച് വിഷമിക്കേണ്ട, ട്വിറ്ററിന് വേണ്ടി പ്രാര്‍ത്ഥിക്കൂ; പരാഗ് അഗ്രവാള്‍

0
99

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ കമ്പനിയ്ക്ക് പുതിയ സി.ഇ.ഒ വന്നേക്കുമെന്നാണ് വിവരം. ട്വിറ്ററിന്റെ അമരക്കാരനായി മാറിയ ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിന് ചുമതലയേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമൊഴിയേണ്ട സ്ഥിതിയാണ്. എങ്കിലും തന്റെ ജോലി നഷ്ടപ്പെടുന്നതിനെ കുറിച്ചല്ല ട്വിറ്ററിന്റെ ഭാവിയെ കുറിച്ചാണ് തന്റെ ആശങ്കയെന്ന് പരാഗ് അഗ്രവാള്‍ പറയുന്നു.
ഇലോണ്‍ മസ്‌ക് ചുമതലയേറ്റാല്‍ പരാഗിനെ പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നവരുടെ കൂട്ടത്തില്‍ പരാഗും ഉണ്ടായിരുന്നു. ഇഷ്ടമില്ലാത്തവരെ യാതൊരു മടിയുമില്ലാതെ പുറത്താക്കുന്ന മസ്‌കിന്റെ സ്വഭാവം കുപ്രസിദ്ധമാണ്. അതുകൊണ്ടു തന്നെയാണ് പരാഗ് ഉള്‍പ്പടെയുള്ള ട്വിറ്ററിന്റെ നേതൃനിരയില്‍ പലരുടേയും ജോലി മസ്‌ക് വരുന്നതോടെ ഇല്ലാതാവുമെന്ന് ആവര്‍ത്തിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അനിശ്ചിതത്വത്തില്‍ കഴിയുന്ന പരാഗിന്റെയും സഹപ്രവര്‍ത്തകരുടേയും ഇപ്പോഴത്തെ സ്ഥിതിയെകുറിച്ച് പരിതപിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്തുവന്നിട്ടുണ്ട്.
തന്നെ കുറിച്ച് വിഷമിക്കേണ്ടെന്നും ട്വിറ്ററും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഏറ്റവും പ്രധാനമെന്നും അത്തരം ഒരു ട്വീറ്റിന് മറുപടിയായി പരാഗ് പറഞ്ഞു.
പുറത്താക്കിയെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റിന് ‘ഇല്ല ഞങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്’ എന്നായിരുന്നു അഗ്രവാളിന്റെ മറുപടി.
അതേസമയം, പരാഗിന് പകരം ആരാണ് ഇലോണ്‍ മസ്‌കിന്റെ മനസിലെന്ന് ആര്‍ക്കും അറിയില്ല. സ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി തന്നെ തിരികെ എത്തിയേക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.
മസ്‌ക് വരുന്നതോടെ കമ്പനിയുടെ നയങ്ങളില്‍ അടിമുടി മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നിലവിലുള്ള പോളിസി ഡിപ്പാര്‍ട്ട്മെന്റ് പിരിച്ചുവിട്ടേക്കും.