കിരീടം നേടിക്കൊടുത്തിന് പിന്നാലെ സന്തോഷ് ട്രോഫിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ജിജോ ജോസഫ് 

0
67

കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്ത കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ് സന്തോഷ് ട്രോഫിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് തന്റെ അവസാന സന്തോഷ് ട്രോഫി ആയിരിക്കും എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് ജിജോ ജോസഫ് പറഞ്ഞു. കിരീടത്തോടെ അവസാനിപ്പിക്കാന്‍ ആയതില്‍ സന്തോഷം . കോച്ച് നിര്‍ബന്ധിച്ചത് കൊണ്ടാണ് ഈ സീസണില്‍ കേരളത്തിനായി കളിച്ചത് എന്നും ജിജോ പറഞ്ഞു.
‘കപ്പ് നിറയെ സന്തോഷം’; കിരീടത്തില്‍ മുത്തമിട്ട് കേരളം|Santhosh Trophy
സന്തോഷ് ട്രോഫിയുടെ 75ാം എഡിഷനില്‍ മുത്തമിട്ട് കേരളം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 നാണ് വെസ്റ്റ് ബംഗാളിനെ കേരളം തകര്‍ത്തത്. ബംഗാളാണ് 97ാം മിനിറ്റില്‍ ആദ്യം മുന്നിലെത്തിയത്. എക്‌സ്ട്രാ ടൈമില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്.
വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ എത്തിയത്. സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിച്ചു. മുഹമ്മദ് സഫ്‌നാദ് 116ാം മിനിറ്റില്‍ കേരളത്തിനായി ഗോള്‍ മടക്കി. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം സന്തോഷത്താല്‍ ഇളകി മറിഞ്ഞു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോളടിക്കാന്‍ സാധിച്ചില്ല. ഫൈനലില്‍ മധ്യനിരയില്‍ കേരളത്തിന്റെ തന്ത്രങ്ങള്‍ പൊളിക്കുന്ന മറുതന്ത്രവും ആയിട്ടാണ് ബംഗാള്‍ ഇറങ്ങിയത്.
കേരളം സെമി ഫൈനല്‍ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കളത്തിലിറങ്ങിയത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളം കളിക്കളത്തിലിറങ്ങിയത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. അതേസമയം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്.
32 തവണ അവര്‍ ജേതാക്കളായി. ഇതുവരെ മൂന്ന് തവണ സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും ബംഗാളും കൊമ്പുകോര്‍ത്തിട്ടുള്ളത്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ ബംഗാളിനായിരുന്നു വിജയമെങ്കിലും 2018-ല്‍ നടന്ന ഫൈനലില്‍ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം കിരീടം ചൂടിയത്.