കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ അസഭ്യവര്‍ഷം.

0
101

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവതികളുടെ അസഭ്യവര്‍ഷം. യാത്രക്കാരുടെ പരാതിയില്‍ മൂന്ന് യുവതികളേയും ഒരു യുവാവിനേയും ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസില്‍ കല്ലമ്പലത്ത് നിന്നാണ് മൂന്ന് യുവതികളും യുവാവുമടങ്ങിയ സംഘം കയറിയത്.
ബസില്‍ കയറിയ ഉടനെ തന്നെ സീറ്റില്ലെന്ന് ആരോപിച്ച് ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ബഹളം കൂടിയപ്പോള്‍ സീറ്റിലിരുന്ന ചില യാത്രക്കാര്‍ മാറിക്കൊടുക്കുകയായിരുന്നു. എന്നാല്‍ ഈ സീറ്റില്‍ ഇരിക്കാന്‍ തയ്യാറാകാതെ ഇവര്‍ ബഹളം തുടരുകയായിരുന്നു.
തുടര്‍ന്ന് മറ്റ് യാത്രക്കാരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഡ്രൈവര്‍ ബസ് ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. സ്‌റ്റേഷനില്‍ പോലീസുകാരോട് കയര്‍ത്ത് സംസാരിച്ചതോടെ വലിയ ബഹളമായി മാറുകയും ചെയ്തു.
യുവതികള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തെത്തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്താനാണ് പോലീസ് തീരുമാനം. യുവതികള്‍ക്കും ഒപ്പമുണ്ടായിരുന്ന യുവാവിനുമെതിരെ കേസെടുത്തിട്ടുണ്ട്.