Wednesday
17 December 2025
30.8 C
Kerala
HomeIndiaലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ലക്ഷദ്വീപ്(Lakshadweep) ഭരണകൂടത്തിന് തിരിച്ചടി. ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസ ആഹാരം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനും സുപ്രീം കോടതി(Supreme Court) നോട്ടീസ് നല്‍കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 2021 ജൂണ്‍ 22ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി.
ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ചിക്കനും ബീഫും ഉള്‍പ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് ആണ് സുപ്രിം കോടതിയെ സമീപിച്ചത്.
അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്. ദ്വീപ് നിവാസികളുടെ താത്പര്യം കണക്കിലെടുക്കാതെയാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇത്തരം പരിഷ്‌കാരം കൊണ്ടുവന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. 1992 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടിയത്. പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍നിന്ന് നീക്കിയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

RELATED ARTICLES

Most Popular

Recent Comments