സന്തോഷ് ട്രോഫി കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം

0
83

കോഴിക്കോട്: സന്തോഷ് ട്രോഫി കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം. ഫൈനലിന് ആവേശമേറ്റി, പ്രവാസി സംരംഭകന്‍ ഡോ.

ഷംഷീര്‍ വയലില്‍ ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രകടനമാണ് കേരള ടീമിന്റേതെന്നും ഡോ. ഷംഷീര്‍ വയലില്‍ അഭിപ്രായപ്പെട്ടു.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കേരളം ഇന്ന് പശ്ചിമബംഗാളിനെ നേരിടും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിമുതലാണ് ഫൈനല്‍ മത്സരം. ഫൈനല്‍ രാത്രി എട്ടിന് എഐഎഫ്‌എഫ് ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് ആയി കാണാം.

15ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയില്‍ കര്‍ണാടകയെ തകര്‍ത്താണ് കേരളം കലാശപ്പോരിന് അര്‍ഹത നേടിയത്. അതേസമയം 33ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. സെമിയില്‍ മണിപ്പൂരിനെയാണ് ബംഗാള്‍ തോല്‍പ്പിച്ചത്.

അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍വെച്ച്‌. സ്വന്തം നാട്ടിലേറ്റ ആ തോല്‍വിക്ക് പകരംവീട്ടാനുളള ഒരുക്കത്തിലാണ് ബംഗാള്‍. അതേസമയം സ്വന്തം നാട്ടുകാരുടെ മുന്നില്‍ വീണ്ടും കിരീടത്തില്‍ മുത്തമിടാനാണ് കേരളം ലക്ഷ്യമിടുന്നത്.