മരക്കൊമ്പിൽ തലകീഴായി കെട്ടിയിട്ട് മർദ്ദനം; ആക്രമണം മോഷണം ആരോപിച്ച്; അഞ്ച് പേർ അറസ്റ്റിൽ

0
77

ബിലാസ്പൂർ: മരത്തിൽ തലകീഴായി കെട്ടിയിട്ട് യുവാവിനെ തല്ലിച്ചതച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ബീലാസ്പൂരിലുള്ള സിപാത് നഗരത്തിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബിലാസ്പൂർ റൂറൽ എഎസ്പി രോഹിത് ജാ അറിയിച്ചു.

മോഷണക്കുറ്റം ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചത്. മഹാവീർ എന്ന് പേരുള്ള ചെറുപ്പക്കാരനാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. യുവാവിനെ ആൾക്കൂട്ടം വടി ഉപയോഗിച്ച് തുടരെ അടിക്കുന്നതും യുവാവ് അരുതെന്ന് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവം നടക്കുന്നത് കണ്ട സമീപവാസികളായ സ്ത്രീകൾ സ്‌റ്റേഷനിലെത്തി വിവരമറിയിച്ചതിന് പിന്നാലെയാണ് സംഭവസ്ഥലത്തേക്ക് പോലീസ് എത്തുന്നത്. തുടർന്ന് മഹാവീറിനെ പോലീസ് രക്ഷിച്ചു. അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ വീട്ടിൽ മഹാവീർ അതിക്രമിച്ച് കടന്നുവെന്നാണ് ആരോപണം. ഇതിന് പിന്നാലെ ഇയാൾ പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. സ്റ്റേഷനിൽ ഇരുകൂട്ടരുമെത്തിയപ്പോൾ പ്രശ്‌നത്തിൽ ചർച്ച ചെയ്ത് സമവായമുണ്ടായി. എന്നാൽ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ മഹാവീറിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.