ഉത്തരേന്ത്യ കൊടുംചൂടിൽ തന്നെ, ഉഷ്ണ തരംഗം മെയ് രണ്ട് വരെ തുടരും

0
137

ഡൽഹി: രാജ്യത്തെങ്ങും ശക്തമായ ചൂടാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഉത്തർപ്രദേശിലെ ബദ്ദയിലാണ് ഏപ്രിലിലെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്, 47.4 ഡിഗ്രി സെൽഷ്യസ്. കൂടാതെ മറ്റ് പല സ്ഥലങ്ങളും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ അലഹബാദ്, ഝാൻസി, ലഖ്‌നൗ എന്നിവിടങ്ങളിൽ ഏപ്രിലിൽ യഥാക്രമം 46.8 ഡിഗ്രി സെൽഷ്യസ്, 46.2 ഡിഗ്രി സെൽഷ്യസ്, 45.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി.

ഹരിയാനയിലെ ഗുരുഗ്രാമും മധ്യപ്രദേശിലെ സത്‌നയും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയായ 45.9 ഡിഗ്രി സെൽഷ്യസും 45.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മറ്റ് സ്ഥലങ്ങളിൽ, ദില്ലിയിലെ സ്‌പോർട്‌സ് കോംപ്ലക്‌സ് ഒബ്സർവേറ്ററിയിൽ 46.4 ഡിഗ്രി സെൽഷ്യസും രാജസ്ഥാനിലെ ഗംഗാനഗറിൽ 46.4 ഡിഗ്രി സെൽഷ്യസും മധ്യപ്രദേശിലെ നൗഗോംഗിൽ 46.2 ഡിഗ്രി സെൽഷ്യസും മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിൽ 46.4 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.

ദേശീയ തലസ്ഥാനത്തിന്റെ ബേസ് സ്റ്റേഷനായ ദില്ലിയിലെ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ രണ്ടാം ദിവസവും കൂടിയ താപനില 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. നഗരത്തിൽ 12 വർഷത്തിനിടെ, ഏപ്രിലിൽ ഒരു ദിവസം അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. 2010 ഏപ്രിൽ 18 ന് ദില്ലിയിൽ 43.7 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.