സ്‌കൂളിൽ തമ്മിലടിച്ച് പ്രിൻസിപ്പാളും പ്യൂണും; കൈയ്യാങ്കളി നോക്കിനിന്ന് അദ്ധ്യാപകരും മറ്റ് ജീവനക്കാരും

0
50

റാഞ്ചി: ജാർഖണ്ഡിലെ സ്വകാര്യ സ്‌കൂളിൽ പ്രിൻസിപ്പാളും പ്യൂണും തമ്മിൽ അടിപിടി. മറ്റ് സ്‌കൂൾ ജീവനക്കാരും അദ്ധ്യാപകരും നോക്കി നിൽക്കെയായിരുന്നു ഇരുവരുടെയും സംഘർഷം. സംഭവത്തിന്റെ ദൃശ്യങ്ങൾ ജീവനക്കാർ പകർത്തിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പലാജു ജില്ലയിലെ മേദിനിനഗറിലുള്ള സ്‌കൂളിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി കൃത്യമായി ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രിൻസിപ്പാൾ കരുണശങ്കറാണ് പ്യൂൺ ഹിമൻഷു തിവാരിയെ ആദ്യം തള്ളിയത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു.

പ്യൂണിനെ പ്രിൻസിപ്പാൾ ശകാരിക്കുന്നതും അതിന് ദേഷ്യത്തോടെ പ്യൂൺ മറുപടി പറയുന്നതും ദൃശ്യങ്ങളിൽ കാണാം. അസഭ്യം പറഞ്ഞും പരസ്പരം ഉന്തിയും തള്ളിയും നീളമുള്ള വടികൊണ്ട് വീശി ആക്രമിക്കാൻ ശ്രമിച്ചും തമ്മിലടി പുരോഗമിച്ചു. സംഘർഷത്തിൽ പ്യൂണായ തിവാരിക്കാണ് പരിക്കേറ്റത്. ദിവസവും വൈകിയാണ് തിവാരി ജോലിക്ക് കയറുകയെന്ന് പ്രിൻസിപ്പാൾ ആരോപിച്ചു. സ്‌കൂളിലേക്ക് വന്ന് കഴിഞ്ഞാലും അലസമായിരിക്കും. ഒരു പണിയും ചെയ്യുകയില്ലെന്നും പ്രിൻസിപ്പാൾ പറയുന്നു. കൃത്യനിഷ്ഠയില്ലായ്മയെ ചോദ്യം ചെയ്തപ്പോൾ പ്രിൻസിപ്പാളിനെ അധിക്ഷേപിക്കാൻ തുടങ്ങിയെന്നും തിവാരിക്കെതിരെ പരാതിയുണ്ട്.

അതേസമയം താൻ സ്‌കൂളിൽ രാവിലെ ആറ് മണിക്ക് എത്തിയെന്നും ഒരു കാരണവുമില്ലാതെ തന്നെ വടികൊണ്ട് തല്ലിയെന്നും പ്യൂൺ ഹിമൻഷു തിവാരി പ്രതികരിച്ചു. പ്രിൻസിപ്പാൾ അഴിമതിക്കാരനാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇരുവരുടെയും തമ്മിലടിയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലാണെങ്കിലും പോലീസ് ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.

https://www.indiatoday.in/india/video/watch-jharkhand-school-principal-peon-attack-sticks-disagreement-1944016-2022-05-01?jwsource=cl