സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ; ഈ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്

0
50

നാൽപത് വയസ് കഴിഞ്ഞാൽ ഭക്ഷണത്തിൽ അൽപം നിയന്ത്രണമൊക്കെ ആവശ്യമാണെന്ന് പറയാറുണ്ട്. മുടി കൊഴിച്ചിൽ, എല്ലുകൾക്കു ബലക്കുറവ്, കണ്ണിനു താഴെ കറുപ്പ്, പല്ലുകൾക്കു പോട്, നടുവേദന തുടങ്ങി ഒരുപാടു പ്രശ്നങ്ങൾ നാൽപത് വയസ് കഴിഞ്ഞാൽ ഉണ്ടാകാം. ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…

അസ്ഥികൾ പൊട്ടുന്നതും ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയും ഉണ്ടാകാനുള്ള സാധ്യത തടയാൻ കാൽസ്യം അടങ്ങിയ ഭക്ഷണം നിത്യേന ശീലമാക്കണം. പാലിൽ വലിയ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ സ്ത്രീകൾ അവരുടെ ദൈനംദിന ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. സ്ത്രീകൾ തക്കാളി കഴിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം, സ്തനാർബുദത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന പോഷകം തക്കാളിയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പയർവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബീൻസ്. കാരണം പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ബീൻസ്. മാത്രമല്ല ഇവയിൽ കൊഴുപ്പ് വളരെ കുറവാണ്.

സ്ത്രീകൾ ദിവസവും തൈര് നിർബന്ധമായും കഴിക്കണം. കാരണം തൈര് സ്ത്രീകളിലെ സ്തനാർബുദ സാധ്യതയെ ഒരു പരിധി വരെ കുറയ്ക്കുന്നു. കൂടാതെ ഇത് കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു. സാൽമൺ, മത്തി, അയല മത്സ്യം എന്നിവ നിർബന്ധമായും സ്ത്രീകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒമേഗ-3 ഫാറ്റി ആസിഡുകൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വളരെ നല്ലതാണ്. മത്സ്യം കഴിക്കുന്നത്തിലൂടെ ചർമ്മ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക് എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.