വീണ്ടും ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് അപകടം; ഉടമ സാഹസികമായി രക്ഷപ്പെട്ടു

0
101

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ വ്യവസായ കേന്ദ്രമായ ഹൊസൂരിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പർവൈസറായ ഉടമ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.

ഹൊസൂർ സ്വദേശി സതീഷ് കുമാർ തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ നിന്ന് പെട്ടെന്ന് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് ചാടിയതിനാൽ ജീവൻ രക്ഷപ്പെട്ടു. വാഹനത്തിന് തീപിടിച്ചതോടെ വഴിയാത്രക്കാർ ഓടിയെത്തി തീയണച്ചു. എന്നാൽ വാഹനം കത്തി നശിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷമാണ് സതീഷ് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്. ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് പെട്ടെന്ന് തീപിടിച്ചത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുകയെ തുടർന്ന് വെല്ലൂർ ജില്ലയിൽ മാർച്ചിൽ അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു. ഈ മാസം ആദ്യം തെലങ്കാനയിലെ വീട്ടിൽ ചാർജിംഗിനായി സൂക്ഷിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വേർപെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചിരുന്നു.