Wednesday
17 December 2025
25.8 C
Kerala
HomeKeralaസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല; ലഭ്യത ഉറപ്പാക്കിയെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല; ലഭ്യത ഉറപ്പാക്കിയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത്  വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും , നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ  മൈത്തോണ്‍ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിതരണം പുനസ്ഥാപിച്ചത് ഏറെ ആശ്വാസമായി. മെയ് 31 വരെ അധിക നിരക്കില്‍ അധിക വൈദ്യുതി വാങ്ങുന്നതിലൂടെ 50 കോടിയുടെ  ബാധ്യതയുണ്ടാകും. വേനല്‍ക്കാലത്ത് വൈദ്യുതി കമ്മി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്ന വിമര്‍ശനങ്ങള്‍ കെഎസ്ഇബി ചെയർമാൻ ബി അശോക് തള്ളി.
കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി നടപടി ശക്തമാക്കി. കെഎസ്ഇബിക്ക് ഊര്‍ജ്ജം നല്‍കുന്ന  19  നിലയങ്ങളില്‍ 3 എണ്ണം  മാത്രമാണ് ഇതുവരെ ഉത്പാദനം നിര്‍ത്തിവച്ചത്. ഇതില്‍ ജാര്‍ഖണ്ടിലെ മൈത്തോണ്‍ നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. പീക്ക് അവറിലെ ക്ഷാമം മറികടക്കാന്‍ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട്  അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസല്‍ നിലയവും പെരിങ്ങല്‍കുത്തും 65 മെഗാവാട്ടോളം വൈദ്യുതി ഉറപ്പാക്കുന്നു.ബാങ്കിംഗ് സ്വാപ് ടെണ്ടര്‍ മുഖേന 100 മെഗാവാട്ടും ഉറപ്പാക്കി സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല.  വൈകിട്ട് 6നും 11 നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യര്‍ത്ഥിച്ചു.
കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും  അലംഭാവവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളില്‍  543 മെഗാവാട്ട്  വരെ വൈദ്യുതി കമ്മി ഉണ്ടാകുമെന്ന്  പ്രസരണ വിഭാഗം  കഴിഞ്ഞ നവംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ നിര്‍ദ്ദേശം  മാനിച്ച് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍, ഇപ്പഴത്തെ അധിക ബാധ്യത ഒഴിവാക്കാമായിരുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments