ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ആരോഗ്യരംഗത്ത് മാത്രമല്ല, വ്യത്യസ്തമായ മറ്റു മേഖലകളിലേക്ക് കൂടി തൊഴിലവസരങ്ങള്‍ തേടിയുള്ള പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍വിന്‍ കരാറിന്റെ ഭാഗമായി ഷോര്‍ട്ടു ലിസ്റ്റു ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളും ജര്‍മന്‍ ഉദ്യോഗസ്ഥരുമായി ഇന്‍സൈറ്റ് 2022 എന്ന പേരില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആശയവിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരുടെ സമൃദ്ധമായ സാന്നിദ്ധ്യമുള്ള ഒരു നാട് എന്ന നിലയല്‍ ഗുണമേന്‍മയുള്ള തൊഴില്‍ റിക്രൂട്ട്മെന്റ് സാധ്യമാക്കാന്‍ കഴിയുന്ന ലോകത്തിലെ അപൂര്‍വം സമൂഹങ്ങളിലൊന്നാണ് കേരളം. എന്നാല്‍ ഭാഷയാണ് ഈ രംഗത്ത് നാം നേരിടുന്ന പ്രധാന പ്രശ്നം. വൈദേശിക ഭാഷാ പ്രാവീണ്യം നേടിയെങ്കിലേ ആഗോളപൗരനായി ഉയരാനും തൊഴില്‍ മേഖലയില്‍ വിജയിക്കാനും സാധിക്കൂ.
ഉദ്യോഗാര്‍ഥികള്‍ക്ക് ഭാഷാശേഷി വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നോര്‍ക്കയുടെ ഭാഗത്തു നിന്നും കൂടുതല്‍ പിന്തുണ നല്‍കാന്‍ ശ്രമിക്കും. ആഗോളതലത്തില്‍ തന്നെ ആരോഗ്യരംഗത്ത് ഏറ്റവും ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് മലയാളി നഴ്സുമാര്‍. അവരുടെ സാന്നിദ്ധ്യമില്ലാത്ത രാജ്യങ്ങളില്ല. കനിവിന്റെയും ദയവിന്റെയും ഉറവകളായി അവര്‍ കേരളത്തെ ലോകത്തിനു മുന്നില്‍ ഒരു മെഴ്സി ഹബ്ബാക്കി മാറ്റിയിരിക്കുന്നു. ജര്‍മന്‍ റിക്രൂട്ട്മെന്റ് യാഥാര്‍ഥ്യമാകുന്നതോടെ യൂറോപ്പില്‍ മലയാളി നഴ്സുമാരുടെസാന്നിദ്ധ്യം കൂടുതല്‍ സജീവമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള മാനവവിഭവശേഷിയെ ജര്‍മനിക്ക് ആവശ്യമുണ്ടെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി ഡയറക്ടര്‍ മാര്‍ക്കുസ് ബിര്‍ച്ചര്‍ പറഞ്ഞു. ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്ട്സുമായി ഒപ്പുവച്ചിരിക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി ഈ രംഗത്ത് ഒരു നാഴികക്കല്ലാണ്. തൊഴില്‍ രംഗത്ത് യൂറോപ്പിലെയും ലോകത്തിലെ തന്നെയും മികച്ച ഒരു ഏജന്‍സി എന്ന നിലയില്‍ ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി- നോര്‍ക്ക റൂട്ട്സ് കൂട്ടുകെട്ടിന് വലിയ സാധ്യതകളാണുള്ളത്.
വിദഗ്ദ്ധ തൊഴില്‍ മേഖലയില്‍ ഉദ്യോഗാര്‍ഥികളുടെ കുറവും ജനസംഖ്യാ വളര്‍ച്ചയില്‍ താഴേക്കുള്ള പ്രവണതയും കേരളത്തില്‍ നിന്നുള്ള തൊഴിലന്വേഷകര്‍ക്ക് ജര്‍മനിയില്‍ അനുകൂല സാഹചര്യമൊരുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ ജര്‍മനിയിലെത്തുന്ന മലയാളി നഴ്സുമാര്‍ക്ക് മികച്ച സേവന-വേതന വ്യവസ്ഥകള്‍ ലഭ്യമാവുമെന്നും ഭാഷാ പ്രവീണ്യത്തിന് മികച്ച അവസരം ഒരുക്കുമെന്നും പദ്ധതിയെ കുറിച്ച് വിശദീകരിച്ച ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ പ്രതിനിധി ബജോണ്‍ ഗ്രൂബര്‍ പറഞ്ഞു. ജര്‍മന്‍ ഓണററി കോണ്‍സുല്‍ സയ്യിദ് ഇബ്രാഹീം സംസാരിച്ചു. നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ജനറല്‍ മാനേജര്‍ അജിത് കോളശേരി നന്ദിയും പറഞ്ഞു. 13,000 അപേക്ഷകരില്‍ നിന്നും ഷോര്‍ട്ടു ലിസ്റ്റ് ചെയ്യപ്പെട്ട നാനൂറോളം ഉദ്യോഗാര്‍ഥികള്‍ ജര്‍മന്‍ ഉദ്യോഗസ്ഥരുമായുള്ള സംവാദ പരിപാടിയില്‍ സംബന്ധിച്ചു. മേയ് നാലു മുതല്‍ 13 വരെ തിരുവനന്തപുരത്ത് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഭിമുഖത്തിന് ശേഷമായിരിക്കും ജര്‍മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഴ്സുമാരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
ഫോട്ടോകാപ്ഷന്‍ : ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച ട്രിപ്പിള്‍വിന്‍ കരാറിന്റെ ഭാഗമായി ഷോര്‍ട്ടു ലിസ്റ്റു ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളും ജര്‍മന്‍ ഉദ്യോഗസ്ഥരുമായി നടന്ന ആശയവിനിമയ പരിപാടി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.