ഇനി സാധനങ്ങള്‍ പറന്നെത്തും; ഇന്‍സ്റ്റാ മാര്‍ട്ടിനായി ഡ്രോണുകളെ ഇറക്കാന്‍ സ്വിഗ്ഗി

0
60

പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിനായി ഡ്രോണുകളെ സജ്ജമാക്കാനൊരുങ്ങുന്നു. ഇന്‍സ്റ്റാമാര്‍ട്ട് വഴി അവശ്യ വസ്തുക്കള്‍ ഡെലിവറി ചെയ്യുന്നത് മെയ് മാസം മുതല്‍ ഡ്രോണുകള്‍ വഴിയാക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. സാധനങ്ങള്‍ ഡ്രോണുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നാല് ഡ്രോണ്‍ സ്റ്റാര്‍ട്ട് അപ്പുകളെയാണ് സ്വിഗ്ഗി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗരുഡ എയ്‌റോസ്‌പേസ്, സ്‌കൈഎയര്‍ മൊബിലിറ്റി, ടെക്ക് ഈഗിള്‍, മാരുത് ഡ്രോണ്‍ ടെക്ക് എന്നിവയെയാണ് സ്വിഗ്ഗി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ സെല്ലര്‍ ലൊക്കേഷന്‍ മുതല്‍ ഉപഭോക്താവിന്റെ ഡെലിവറി അഡ്രസിന് സമീപമുള്ള ഒരു കേന്ദ്രം വരെയാകും ഡ്രോണുകള്‍ വഴി സാധനങ്ങളെത്തിക്കുക. അവിടെ നിന്ന് ഡെലിവറി പാര്‍ട്‌നര്‍ സാധനങ്ങള്‍ ശേഖരിച്ച് ഉപഭോക്താക്കളുടെ കൈയിലെത്തിക്കും. ഭാവിയില്‍ ഡെലിവറി പൂര്‍ണമായും ഡ്രോണ്‍ ഉപയോഗിച്ചാക്കിയേക്കും.

രണ്ട് ഘട്ടങ്ങളായാണ് ഡ്രോണ്‍ വഴിയുള്ള ഡെലിവറി പരീക്ഷിക്കുക. ആദ്യ ഘട്ടത്തില്‍ ഗരുഡ എയ്‌റോസ്‌പേസ്, സ്‌കൈഎയര്‍ മൊബിലിറ്റി എന്നിവയുടെ ഡ്രോണുകളും രണ്ടാം ഘട്ടത്തില്‍ ടെക്ക് ഈഗിള്‍, മാരുത് ഡ്രോണ്‍ ടെക്ക് ഡ്രോണുകളും പരീക്ഷിക്കും. ബംഗളൂരുവിലും ഡല്‍ഹിയിലുമാണ് ആദ്യം പരീക്ഷണങ്ങള്‍ നടക്കുക.