അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് പ്രമുഖ ടെലിവിഷന്‍ താരം പരുള്‍ ചൗഹാന്‍. ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് പരുള്‍. അടക്കവും ഒതുക്കവുമുള്ള മകളായും മരുമകളായും സീരിയലുകളില്‍ തിളങ്ങിനില്‍ക്കുന്ന പരുള്‍ പക്ഷേ വ്യക്തിജീവിതത്തിലേക്ക് വരുമ്പോള്‍ തന്റേടത്തോടെ തന്റെ നിലപാടുകള്‍ ഉറച്ചുപറയുന്ന ‘ബോള്‍ഡ്’ ആയ വ്യക്തിയാണ്

0
108

അഭിപ്രായങ്ങള്‍ പരസ്യമായി പങ്കുവയ്ക്കുമ്പോള്‍ അതിന് കൂടുതല്‍ പ്രാധാന്യവും ജനശ്രദ്ധയും സെലിബ്രിറ്റികള്‍ക്ക് ലഭിക്കുമെന്നതിനാലാണ് ഇവര്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുന്നത്.
അത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് പ്രമുഖ ടെലിവിഷന്‍ താരം പരുള്‍ ചൗഹാന്‍. ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് പരുള്‍. അടക്കവും ഒതുക്കവുമുള്ള മകളായും മരുമകളായും സീരിയലുകളില്‍ തിളങ്ങിനില്‍ക്കുന്ന പരുള്‍ പക്ഷേ വ്യക്തിജീവിതത്തിലേക്ക് വരുമ്പോള്‍ തന്റേടത്തോടെ തന്റെ നിലപാടുകള്‍ ഉറച്ചുപറയുന്ന ‘ബോള്‍ഡ്’ ആയ വ്യക്തിയാണ്.
2018ല്‍ വിവാഹിതയായ പരുള്‍ തനിക്ക് കുട്ടികള്‍ വേണ്ട, അതാണ് തന്റെ തീരുമാനമെന്ന് പരസ്യമായി പറഞ്ഞതോടെയാണ് വിവാദത്തിലായത്. സമൂഹമാധ്യമങ്ങളിലും മറ്റും പരുളിനെതിരെ കാര്യമായ വിമര്‍ശനങ്ങളാണ് ഇതിനെ തുടര്‍ന്ന് വന്നത്.
ഇപ്പോള്‍ ഈ വിഷയത്തില്‍ വിശദീകരണം കൂടി നല്‍കിയിരിക്കുകയാണ് പരുള്‍. കുട്ടികള്‍ വേണ്ടെന്ന തീരുമാനം താല്‍ക്കാലികമാണോ, അതോ എക്കാലത്തേക്കും വേണ്ടി എടുത്ത തീരുമാനമാണോ എന്നതിന് ‘ഇപ്പോള്‍ ഇതാണ് തീരുമാനം’ എന്നായിരുന്നു പരുളിന്റെ മറുപടി.
‘എനിക്ക് ജോലി ചെയ്യണം. ഭാവിയിലേക്ക് പല പദ്ധതികളും ഞാന്‍ കണക്കുകൂട്ടിവച്ചിട്ടുണ്ട്. അതെല്ലാം ചെയ്യണം. ഞാന്‍ അതെക്കുറി്‌ചെല്ലാമാണ് ആലോചിക്കുന്നത്. പക്ഷേ വരുംകാലത്ത് എന്താണ് സംഭവിക്കുകയെന്നത് നമുക്കിപ്പോഴേ ഉറപ്പിച്ച് പറയുക സാധ്യമല്ലല്ലോ. എന്തായാലും ഇപ്പോള്‍ എനിക്ക് കുട്ടികള്‍ വേണ്ട…’- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പരുള്‍ പറഞ്ഞു.
ചിരാഗ് തക്കര്‍ ആണ് പരുളിന്റെ പങ്കാളി. ഇരുവരും വിവാഹത്തിന് മുമ്പ് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരുളിന്റെ റീല്‍സിലും മറ്റും ചിരാഗിനെയും സജീവമായി കാണാറുണ്ട്.
ജോലിയില്‍ നിന്ന് ഇടവേളയെടുത്ത സമയത്ത് മാനസികമായി താന്‍ തളര്‍ന്നുപോയിരുന്നുവെന്നും ഇത് ശാരീരികമായും തന്നെ ബാധിച്ചുവെന്നും പരുള്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘ആ സമയത്ത് ശരീരത്തില്‍ ഒരുപാട് വ്യത്യാസങ്ങള്‍ കണ്ടിരുന്നു. ഹോര്‍മോണ്‍ വ്യതിയാനമായിരുന്നു കാര്യമായും സംഭവിച്ചത്. മുഖം മുഴുവന്‍ മുഖക്കുരുവായി. ആരെയും കാണാന്‍ പോലും താല്‍പര്യമില്ലാത്ത അവസ്ഥയിലായി ഞാന്‍. ശരീരം അസാധാരണമാം വിധം മെലിയുകയും ചെയ്തു. ..’- പരുള്‍ പറയുന്നു.