മുൻവൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; സുഹൃത്തുക്കളെ വിശ്വസിപ്പിക്കാൻ മൃതദേഹത്തിനൊപ്പം സെൽഫി; നാല് പ്രതികൾ പിടിയിൽ

0
112

ചെന്നൈ: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും, മൃതദേഹത്തിനൊപ്പം സെൽഫി എടുക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പൂർവ്വവൈരാഗ്യത്തിന്റെ പേരിലാണ് ഓട്ടോ ഡ്രൈവറായ രവിചന്ദ്രനെ(32) നാലംഗ സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം കൊല ചെയ്തത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനാണ് മൃതദേഹത്തിനൊപ്പം പ്രതികൾ സെൽഫി എടുത്തതെന്നും പോലീസ് പറയുന്നു. ബുധനാഴ്ചയാണ് രവിചന്ദ്രൻ കൊല്ലപ്പെട്ടത്. മൃതദേഹത്തിനൊപ്പം ഇവർ എടുത്ത ചിത്രം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇത് പിന്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ മദൻ കുമാർ, ധനുഷ്, ജയപ്രകാശ്, ഭരത് എന്നിവരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രതികളിലൊരാളായ മദനുമായി രവിചന്ദ്രൻ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ബുധനാഴ്ച ന്യൂ മണാലി ടൗണിലെ ഒരു കളിസ്ഥലത്ത് മദൻ ഒരു മദ്യവിരുന്ന് ഒരുക്കി രവിചന്ദ്രനെ ക്ഷണിച്ചു. എന്നാൽ നേരം വൈകിയും രവിചന്ദ്രൻ വീട്ടിലെത്താതെയപ്പോൾ ഭാര്യ കീർത്തനയും ബന്ധുക്കളും ഇയാളെ അന്വേഷിച്ചിറങ്ങി.

തുടർന്ന് ന്യൂ മണാലി ടൗണിലെ കളിസ്ഥലത്ത് എത്തിയപ്പോൾ ശരീരമാസകലം മുറിവേറ്റ നിലയിൽ രവിചന്ദ്രനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ അടുത്തിരുന്ന് പ്രതികൾ സെൽഫി എടുക്കുന്നത് കീർത്തന കണ്ടിരുന്നു. കീർത്തനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആവഡി പോലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും നാല് പ്രതികളെ പിടികൂടുകയും ചെയ്തു.