പത്തനംതിട്ട: പത്തനംതിട്ട നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്. വൈറസ് രോഗബാധ മൂലമുള്ള ഹൃദയാഘാതമാണ് എന്നാണ് പ്രാഥമിക നിഗമനം.
നിരണം വട്ടടി മേഖലയിലാണ് വൈറസ് രോഗബാധ മൂലം താറാവുകൾ കൂട്ടത്തോടെ മരിച്ചത്. നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും, തങ്കച്ചെന്റെയും താറാവുകൾ ആണ് കൂട്ടത്തോടെ ചത്തത്. ഷൈജുവിന്റെ 6000 താറാവിൽ 4000 താറാവും, തങ്കച്ചന്റെ 7000 താറാവിൽ 3000 വും കഴിഞ്ഞ നാലു ദിവസത്തിനിടയിൽ ചത്തൊടുങ്ങി.
തങ്കച്ചന്റെ ബാക്കി വന്ന 4000 ഓളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഈസ്റ്റർ മുതലാണ് താറാവുകളിൽ രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. പണം പലിശയ്‌ക്കെടുത്തും സ്വർണം പണയം വെച്ചും താറാവ് കൃഷി നടത്തുന്നവരാണ് മേഖലയിലെ കർഷകരിൽ ബഹുഭൂരിപക്ഷവും. താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തങ്ങളെ വൻ കടക്കെണിയിലാക്കുമെന്ന ആശങ്കയാണ് കർഷകർക്കുള്ളത്. പ്രദേശത്ത് വൈറസ് ബാധ പടരുന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.