മകനെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കാൻ അമ്മയെ കൊണ്ട് ശരീരം മസാജ് ചെയ്യിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

0
86

പട്‌ന: സ്റ്റേഷനിലെത്തിയ സ്ത്രീയെ കൊണ്ട് നിർബന്ധിച്ച് ശരീരം മസാജ് ചെയ്യിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഉദ്യോഗസ്ഥന് എതിരെ നടപടി. ശശിഭൂഷൺ സിൻഹ എന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. നൗഹട്ട ബ്ലോക്കിന് കീഴിലുള്ള ദർഹാർ പോലീസ് സ്റ്റേഷനിലാണ് സംഭവം.

പോലീസ് സ്‌റ്റേഷനിൽ അർധനഗ്നനായി ഇരുന്ന ശശിഭൂഷണ് ഒരു സ്ത്രീ മസാജ് ചെയ്ത് നൽകുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മകനെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ അമ്മയെ കൊണ്ടാണ് പോലീസ് ശരീരം മസാജ് ചെയ്യിപ്പിക്കുന്നത്. മകനെ മോചിപ്പിക്കണമെങ്കിൽ ശരീരം മസാജ് ചെയ്ത് നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

സ്ത്രീ മസാജ് ചെയ്യുന്നതിനിടെ പോലീസ് അഭിഭാഷകനോട് സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. കൂടാതെ മറ്റൊരു സ്ത്രീ ഇയാളുടെ കാൽ ചുവട്ടിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ എസ്പി ലിപി സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.