‘മാസ്‌ക് വയ്ക്കുന്നത് കാരണം ബാധിക്കാനിടയുള്ള ഒരു രോഗം’

0
83

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണിപ്പോള്‍. കൊവിഡ് രോഗവ്യാപനത്തിന് തടയിടാന്‍ ഏറ്റവുമധികം സഹായിക്കുന്നൊരു ഉപാധിയാണ് മാസ്‌ക്. ആദ്യഘട്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി മാസ്‌ക് ധരിച്ചുകൊണ്ട് ദീര്‍ഘനേരം ചിലവിടാനും മറ്റും നാം ഇപ്പോള്‍ പരിശീലിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മാസ്‌ക് ധരിക്കുന്നത് കൊണ്ട് അനുഭവപ്പെടുന്ന ചില ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്‌നങ്ങളും ഇപ്പോഴും തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മുഖക്കുരു, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, പല്ലുകള്‍ക്ക് കേടുപാട് തുടങ്ങി പല പ്രശ്‌നങ്ങളും മാസ്‌ക് ദീര്‍ഘനേരം ധരിക്കുന്നത് കൊണ്ടുണ്ടാകാം. സമാനമായി മാസ്‌ക് പതിവായി ധരിക്കുന്നത് കൊണ്ട് ഉണ്ടാകാനിടയുള്ളൊരു രോഗത്തെ കുറിച്ച് പ്രതിപാദിപ്പിക്കുകയാണ് പുതിയൊരു പഠനം.

പ്രമുഖ സയന്‍സ് പ്രസിദ്ധീകരണമായ ‘സയന്റിഫിക് റിപ്പോര്‍ട്ട്‌സ്’ ആണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. കണ്ണുകളെ ബാധിക്കുന്ന ‘ഡ്രൈ ഐസ് സിന്‍ഡ്രോം’ ആണ് പതിവായി മാസ്‌ക് ധരിക്കുന്നവരെ ബാധിക്കാനിടയുള്ള രോഗമായി പഠനം ചൂണ്ടിക്കാട്ടുന്നത്. ‘ഡ്രൈ ഐസ് സിന്‍ഡ്രോം’ മാസ്‌ക് ധരിക്കുന്നത് കൊണ്ട് മാത്രം പിടിപെടുന്ന രോഗമാണെന്ന് ധരിക്കരുത്. പല കാരണങ്ങള്‍ കൊണ്ടും അത് ബാധിക്കാം. എന്നാല്‍ മാസ്‌ക് മൂലവും ധാരാളം പേരില്‍ ഇത് വരുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ ഇതിനെ ‘മാസ്‌ക് അസോസിയേറ്റഡ് ഡ്രൈ ഐ’ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അസഹനീയമായ വേദന, കണ്ണില്‍ ചൊറിച്ചില്‍, എരിച്ചില്‍, കണ്ണുകള്‍ വരണ്ടുപോവുക, കണ്ണില്‍ കരട് പോയത് പോലുള്ള അനുഭവം, വെളിച്ചം അഭിമുഖീകരിക്കാന്‍ പ്രയാസം, കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുക, കാഴ്ച മങ്ങുക, കണ്ണിന് തളര്‍ച്ച തോന്നുക, കണ്‍പോളകളില്‍ വീക്കം എന്നിവയെല്ലാമാണ് ‘ഡ്രൈ ഐസ് സിന്‍ഡ്രോം’ ലക്ഷണങ്ങള്‍. ഇവ കാണുന്ന പക്ഷം തന്നെ ചികിത്സ ലഭ്യമാക്കേണ്ടതാണെന്നും ഗവേഷകര്‍ പറയുന്നു.

കണ്ണ് അസാധാരണമായ വിധം വരണ്ടുപോകുന്ന അവസ്ഥയാണ് ‘ഡ്രൈ ഐ’യില്‍ സംഭവിക്കുന്നത്. ഇത് ക്രമേണ സങ്കീര്‍ണമായ അണുബാധയിലേക്കോ കാഴ്ചാപ്രശ്‌നങ്ങളിലേക്കോ എല്ലാം നയിച്ചേക്കാം. അതുകൊണ്ടാണ് വൈകാതെ തന്നെ ചികിത്സ തേടാന്‍ നിര്‍ദേശിക്കുന്നത്. മാസ്‌ക് ധരിക്കുന്നത് മൂലമുണ്ടാകുന്ന ‘ഡ്രൈ ഐസ് സിന്‍ഡ്രോം’ ആര്‍ക്ക് വേണമെങ്കിലും പിടിപെടാം. എന്നാല്‍ പൊതുവില്‍ ‘ഡ്രൈ ഐ’ സാധ്യത കൂടുതലുള്ളത് കണ്ണട ധരിക്കുന്നവരിലും കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരിലുമാണ്. അതുപോലെ തന്നെ കൂടുതല്‍ നേരം കംപ്യൂട്ടര്‍/ ലാപ്‌ടോപ് സ്‌ക്രീന്‍, മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ എന്നിവ നോക്കിയിരിക്കുന്നവരിലും ‘ഡ്രൈ ഐ’ സാധ്യത കൂടുതലാണ്. എസി കൂടുതല്‍ സമയം ഉപയോഗിക്കുന്നത്, ചൂടുള്ള അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവിടുന്നത് എല്ലാം ‘ഡ്രൈ ഐസ് സിന്‍ഡ്രോം’ പിടിപെടുന്നതിന് അനുയോജ്യമായ സാഹചര്യങ്ങളാണ്. ഒപ്പം തന്നെ മദ്യപാനം- പുകവലി പോലുള്ള ദുശീലങ്ങളും ‘ഡ്രൈ ഐ’യിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.