ഡൽഹി: മാണ്ഡ്യ എം.പിയും നടിയുമായ സുമലത അംബരീഷ് ബി.ജെ.പിയിലേക്ക്. നേതൃത്വവുമായി സുമലത കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. നടനും മകനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുമലത ബി.ജെ.പിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. സുമലത അടക്കം നിരവധി പ്രമുഖർ ഉടൻ തന്നെ ബി.ജെ.പിയിൽ ചേരുമെന്ന് കർണാടക മന്ത്രി ആർ അശോക പറഞ്ഞു.
പുതിയ അംഗങ്ങൾ പാർട്ടിയിലേക്ക് എത്തുന്നത് സംബന്ധിച്ച ചർച്ചകളിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും, അമിത് ഷായുടെ കർണാടക സന്ദർശത്തിനിടെയാകും പ്രഖ്യാപനമെന്നും ബി.ജെ.പി കർണാടക നേതൃത്വം അറിയിച്ചു. സുമലതയുടെ അന്തരിച്ച ഭർത്താവും ജനപ്രിയ നടനുമായ അംബരീഷ് ഒരു കോൺഗ്രസ് നേതാവായിരുന്നു. മാണ്ഡ്യ ജില്ലയെ പ്രതിനിധീകരിച്ച് അദ്ദേഹം, നിയമസഭയിലും ലോക്‌സഭയിലും എത്തിയിരുന്നു.
ജെ.ഡി.എസ് കോട്ടയായിരുന്ന മാണ്ഡ്യയില്‍ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയായിരുന്നു സുമലത പരാജയപ്പെടുത്തിയത്. കോൺഗ്രസും ബി.ജെ.പിയും സുമലതയെ തങ്ങളുടെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനോടുള്ള അതൃപ്തി സുമലത പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണച്ചതിന്റെ പശ്ചാത്തലത്തിൽ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് സുമലത ബി.ജെ.പിയിൽ ചേരുമെന്നാണ് പാർട്ടി കരുതുന്നത്.