‘ലോംഗ് കൊവിഡ്’ തീവ്രമായി ബാധിക്കുന്നത് ഇവരെ; പഠനം പറയുന്നത്

0
53

കൊവിഡ് 19 ബാധിച്ച ശേഷം ഏറെ നാളത്തേക്ക് കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയെ ആണ് ‘ലോംഗ് കൊവിഡ്’ എന്ന് വിളിക്കുന്നത്. തൊണ്ടയിലെ അസ്വസ്ഥത, തളർച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും ‘ലോംഗ് കൊവിഡ്’ൽ കാണുന്നത്. നീണ്ട കൊവിഡ് ലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം പറയുന്നു. നീണ്ട കൊവിഡ് ലക്ഷണങ്ങൾ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പഠനത്തിൽ പങ്കെടുത്തവരിൽ 25.5% പേർ മാത്രമാണ് ഡിസ്ചാർജ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം പൂർണ്ണ സുഖം പ്രാപിച്ചതായി പഠനത്തിൽ പറയുന്നു. ദ ലാൻസെറ്റ്: റെസ്പിറേറ്ററി മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു.

പൂർണ്ണമായി സുഖം പ്രാപിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ 33% കുറവാണ് സ്ത്രീകൾക്കെന്നും ​ഗവേഷകർ പറയുന്നു. പൊണ്ണത്തടിയുള്ളവരും മെക്കാനിക്കൽ വെന്റിലേഷനിൽ കഴിയുന്നവരും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണ്. 2020 മാർച്ച് 7 നും 2021 ഏപ്രിൽ 18 നും ഇടയിൽ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട 2,320 പേരെ പരിശോധിച്ചു. പഠനത്തിൽ പങ്കെടുത്തവരുടെ എണ്ണം അഞ്ച് മാസവും ഒരു വർഷവും കഴിഞ്ഞ് ഗവേഷകർ പരിശോധിച്ചു. അഞ്ച് മാസത്തിന് ശേഷം രോഗികൾ കുറഞ്ഞുവെന്നും യുകെയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ക്ഷീണം, പേശിവേദന, ഉറക്കക്കുറവ്, ശ്വാസതടസ്സം, നീർവീക്കം, ഓർമ്മക്കുറവ്, കൈകാലുകളുടെ ബലഹീനത തുടങ്ങിയ ലക്ഷണങ്ങളാണ് പലരിലും കണ്ടതെന്നും ​ഗവേഷകർ പറയുന്നു. നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുടെ കാരണം അറിയില്ലെന്ന് ഗവേഷകർ പറയുന്നു. അക്യൂട്ട് COVID-ലെ ഹൈപ്പർഇൻഫ്ലമേഷൻ കൊവിഡിനെ തുടർന്നുള്ള സ്ഥിരമായ കോശജ്വലന അവസ്ഥയിലേക്ക് നയിക്കുന്നു എന്നാണ് അനുമാനിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. ‘ആശുപത്രി ഡിസ്ചാർജ് കഴിഞ്ഞ് ഒരു വർഷത്തിനുശേഷവും വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ പ്രശ്നങ്ങൾ നിൽക്കുന്നത് പലരിലും കാണാനായി. ഫലപ്രദമായ ചികിത്സകളില്ലാതെ നീണ്ട കൊവിഡ് പ്രശ്നങ്ങൾ വളരെ വ്യാപകമായ ദീർഘകാല അവസ്ഥയായി മാറും…’- ലെസ്റ്റർ സർവകലാശാലയിലെ ​ഗവേഷകരിലൊരാളായ ക്രിസ്റ്റഫർ ബ്രൈറ്റ്ലിംഗ് പറഞ്ഞു. നീണ്ട കൊവിഡ് പ്രശ്നങ്ങൾ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായും കാണുന്നതെന്നും ജേർണൽ ഓഫ് വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 89 സ്ത്രീകളെയും 134 പുരുഷന്മാരെയും ഗവേഷകർ പരിശോധിച്ചു. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾക്ക് അനുഭവപ്പെടുന്നത് കാണാനായെന്ന് ​ഗവേഷകർ പറയുന്നു.