എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 72 കാരന് 65 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

0
97

പാലക്കാട്: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 72 കാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം മുളഞ്ഞൂർ സ്വദേശിയായ അപ്പുവിനെയാണ് പട്ടാമ്പി പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 65 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ഇരുപത് വർഷം വീതം മൂന്നു വകുപ്പുകളിലായി 60 വർഷവും മറ്റു രണ്ടു വകുപ്പുകളിലായി 5 വർഷവുമാണ് തടവ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷമേ പ്രതിക്ക് തടവിൽ കഴിയേണ്ടതുള്ളു.

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി തന്റെ വീട്ടിലെ അടുക്കളയിൽ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധിയായി.