‘കുട്ടിക്കാലത്തെ സ്വഭാവം വച്ച് മദ്ധ്യവയസിലെ ആരോഗ്യാവസ്ഥ അറിയാം’!

0
89

കുട്ടികള്‍ നിരന്തരം ഇടപഴകുന്ന വീട്ടിലെ മുതിര്‍ന്നവര്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, സ്‌കൂളിലെ അധ്യാപകര്‍, മറ്റ് സഹപാഠികള്‍ എന്നിങ്ങനെ വലിയൊരു സംഘം ആളുകള്‍ തന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ പങ്കാളിയാകുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലും ബോധ്യമുള്ളവരായിരിക്കില്ല. മാതാപിതാക്കളാണ് ഈ വിഷയത്തില്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്താറും ആശങ്കപ്പെടുന്നതും.  ഫിന്‍ലന്‍ഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ‘സൈക്കോളജി ആന്റ് ഹെല്‍ത്ത്’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

കുട്ടിക്കാലത്തെ സ്വഭാവം വച്ച് വ്യക്തി മദ്ധ്യവയസിലെത്തുമ്പോള്‍ അയാളിലെ ആരോഗ്യാവസ്ഥ നിര്‍ണയിക്കാന്‍ സാധിക്കുമെന്നതാണ് പഠനത്തിന്റെ നിഗമനം. ഇതില്‍ വിദ്യാഭ്യാസത്തിനും വലിയ പങ്കുള്ളതായി പഠനം പറയുന്നു. കായികമായ പ്രവൃത്തികള്‍, പുകവലി, മദ്യപാനം, ശരീരവണ്ണം എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്കുള്ള സൂചനകള്‍ കുട്ടിയായിരിക്കുമ്പോഴേ ഒരു വ്യക്തിയിലുണ്ടായിരിക്കുമെന്നാണ് ഇവര്‍ തങ്ങളുടെ പഠനത്തിലൂടെ അവകാശപ്പെടുന്നത്. ഏതാണ്ട് 42 വര്‍ഷങ്ങള്‍ക്ക് ശേഷം വരെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ പ്രവചിക്കാന്‍ സാധ്യമാണെന്നാണ് പഠനം പറയുന്നത്. പെണ്‍കുട്ടികളാണെങ്കില്‍ വളരെ ഒതുങ്ങിയ പെരുമാറ്റമുള്ള, സംഘര്‍ഷഭരിതമായ സാഹചര്യങ്ങളോട് അനുതാപപൂര്‍വ്വം പ്രതികരിക്കുന്ന കുട്ടിക്കാലമുള്ളവര്‍ മദ്ധ്യവയസെത്തുമ്പോള്‍ കായികമായ പ്രവൃത്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായി മാറുമെന്നാണ് പഠനം ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റുള്ളവരോട് സംസാരിക്കാന്‍ അക്ഷമ കാട്ടുകയും, മറ്റ് കുട്ടികളുമായി കളിക്കാന്‍ അമിതോത്സാഹം കാണിക്കുകയും ചെയ്യുന്ന കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരില്‍ മദ്യപാനശീലവും പുകവലിയും കാണാന്‍ സാധ്യതകളേറെയാണെന്നും പഠനം അവകാശപ്പെടുന്നു. ഇതില്‍ ആണ്‍കുട്ടികള്‍ കൂടുതലും സിഗരറ്റ് ഉപയോഗത്തിലേക്കും പെണ്‍കുട്ടികള്‍ മദ്യപാനത്തിലേക്കുമാണത്രേ തിരിയുക.

ഒതുക്കത്തില്‍ പെരുമാറുന്ന കുട്ടികള്‍ക്ക് വ്യക്തിത്വത്തിലും ആ അടക്കമുണ്ടാകുമെന്നും ഇവര്‍ ഭാവിയില്‍ വ്യായാമം ഉള്‍പ്പെടെയുള്ള കായികമായ കാര്യങ്ങളില്‍ സജീവമാകുമെന്നും പഠനം പറയുന്നു. അതേസമയം സാമൂഹികമായി ഉള്‍വലിയല്‍ കാട്ടാത്ത, നല്ലരീതിയില്‍ ഇടപെടുന്ന കുട്ടികള്‍ പിന്നീട് മദ്യപാനത്തിലേക്കും പുകവലിയിലേക്കും നീങ്ങാനുള്ള സാധ്യതകള്‍ ഒരു വശത്ത് ഉള്ളതായും പഠനം അവകാശപ്പെടുന്നു. മറുവശത്ത് ഇതിന് ‘പോസിറ്റീവ്’ ആയ സാധ്യതയും പഠനം സൂചിപ്പിക്കുന്നു. അടക്കത്തോടെ പെരുമാറുന്ന കുട്ടികള്‍ സ്‌കൂള്‍-കോളേജ്- ഉന്നതവിദ്യാഭ്യാസം എന്നിവിടങ്ങളിലെല്ലാം ശോഭിച്ചേക്കുമത്രേ. ഇത്തരക്കാര്‍ മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നും പഠനം പറയുന്നു. ഇവയിലെ എല്ലാം നിഗമനങ്ങളുമായി ഒത്തുപോകുന്ന കണ്ടെത്തലുകള്‍ തന്നെയാണ് ഈ പഠനത്തിലും വന്നിരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം പഠനങ്ങള്‍ പാരന്റിംഗ്, സ്‌കൂളിംഗ് എന്നീ മേഖലകളില്‍ ചെറുതല്ലാത്ത രീതിയില്‍ ഉപകാരപ്പെടുമെന്നും ഇവര്‍ പറയുന്നു.