Jignesh Mevani: ജിഗ്‌നേഷ് മെവാനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

0
111

ജിഗ്‌നേഷ് മെവാനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് ബര്‍പ്പെട്ട കോടതി.പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്‌തെന്ന കേസിലാണ് കോടതി നടപടി. മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌തെന്ന ആദ്യ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങവേ ആയിരുന്നു അസം പോലീസിന്റെ രണ്ടാം അറസ്റ്റ്.
അസമില്‍ പൊലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലായിരുന്നു ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് രണ്ടാമതും അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ പലന്‍പൂരില്‍ നിന്ന് ആദ്യ കേസില്‍ അറസ്റ്റ് ചെയ്ത് വിമാനത്തിലാണ് ജിഗ്‌നേഷിനെ അസമില്‍ എത്തിച്ചത്. ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് കൊക്രജാറിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പൊലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞതായും കാറിന്റെ സീറ്റിലേക്ക് തള്ളിയിട്ടെന്നുമാണ് പരാതി. കേസില്‍ ബര്‍പ്പെട്ട കോടതി ജിഗ്‌നേഷിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മോദിയെ വിമര്‍ശിച്ച് ട്വീറ്റ് ഇട്ടതിന്റെ പേരില്‍ കൊക്രജാര്‍ പൊലീസാണ് ആദ്യം അറസ്റ്റ് ചെയ്തത്. ആ കേസില്‍ ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ബാര്‍പ്പെട്ട പൊലീസിന്റെ അറസ്റ്റ്. നേരത്തെ ജിഗ്‌നേഷ് പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മൂന്ന് ദിവസം ഇത്തരം ഒരു ആരോപണം ഉയര്‍ന്നുവന്നിരുന്നില്ല. അതുകൊണ്ട് പൊലീസ് നീക്കത്തില്‍ സംശയമുണ്ടെന്നായിരുന്നു ജിഗ്‌നേഷിന്റെ അഭിഭാഷകന്‍ അന്‍ഷുമാന്‍ ബോറയുടെ പ്രതികരണം.