സ്വര്‍ണക്കടത്ത്; തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

0
74

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം വീട്ടില്‍ റെയ്ഡിനെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചകഴിഞ്ഞും തുടരുകയാണ്.
കഴിഞ്ഞദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്തിരുന്നത്. വിമാനത്താവളത്തില്‍ യന്ത്രം വാങ്ങാനെത്തിയത് ഷാബിനായിരുന്നു. എന്നാല്‍ കസ്റ്റംസ് സ്വര്‍ണം പിടിച്ചെന്നറിഞ്ഞതോടെ ഇയാള്‍ വിമാനത്താവളത്തില്‍നിന്നും കടന്നുകളയുകയായിരുന്നു.
കഴിഞ്ഞദിവസം കടത്തിയ സ്വര്‍ണത്തിനായി പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇയാള്‍ നേരത്തെയും നിരവധി തവണ സ്വര്‍ണം കടത്തിയതായും വിവരങ്ങളുണ്ട്. ഇതിനെത്തുടര്‍ന്നാണ് കസ്റ്റംസ് സംഘം തൃക്കാക്കരയിലെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്