കേരളത്തിന്റെ സന്തോഷത്തിനായി കാത്തുനിന്നില്ല, ഇടതുകാൽ കവർന്ന ദുർവിധിക്ക് ഒടുവിൽ ദേവാനന്ദും കീഴടങ്ങി

0
78

കേരളം ആതിഥേയത്വം വഹിക്കുന്ന സന്തോഷ് ട്രോഫി നേരിട്ട് കാണാന്‍ പോവുക എന്നതായിരുന്ന ദേവാനന്ദ് അവസാനമായി പ്രകടിപ്പിച്ച വലിയ ആഗ്രഹം’ കാല്‍ മുറിച്ചതിന് ശേഷവും കാണാന്‍ പോയപ്പോഴും അതിന് മുമ്പ് ഫോണിലൂടെയും ദേവാനന്ദ് അറിയിച്ചിരുന്നു- കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടപ്പോൾ ദേവാനന്ദിനൊപ്പം ടീമംഗമായിരുന്നു ബ്ലാസി ജോര്‍ജ് വേദനയോടെ ഓർക്കുന്നു.
മയക്കം വിട്ടുണരുമ്പോള്‍ ഒരു സങ്കടമുണ്ടാകുമെങ്കിലും ഫുട്ബോളിന്റെ ലോകത്തേക്കു തിരിച്ചെത്തുന്നതോടെ അദ്ദേഹം പഴയതുപോലെയാകും-കാല്‍ മുറിച്ചുമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ തന്നെ
കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഭാര്യ ഷമയും അന്ന് പങ്കുവച്ച ആത്മവിശ്വാസം അതായിരുന്നു. ഫുട്‌ബോള്‍ എന്നാല്‍ ജീവനായിരുന്നു ദേവാനന്ദിന്. അവസാനശ്വാസത്തിലും അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചു.
പക്ഷേ, കേരളം മറ്റൊരു സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത് കാണാന്‍ അദ്ദേഹം കാത്തുനിന്നില്ല. രണ്ടാഴ്ചക്ക് മുമ്പേ ഇടതുകാല്‍ മുറിച്ചുമാറ്റിയ ശൂന്യതയിലേക്ക് ദേവാനന്ദും പോയി. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973-ലെ ടീമിലെ അംഗമായിരുന്നു ബി. ദേവാനന്ദ്. ലെഫ്റ്റ് സ്റ്റോപ്പര്‍ ബാക്കായി ഇടങ്കാൽ കൊണ്ട് വെടിയുണ്ട ഉതിർത്ത് ആരാധകരുടെ മനസ്സില്‍ കയറിയ ദേവാനന്ദിന്റെ ഇടതുകാല്‍മുറിച്ചുമാറ്റിയ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കായിക കേരളം കേട്ടത്.
മഞ്ചേരിയിയില്‍ ആര്‍ത്തിരമ്പിയെത്തിയ കാണികള്‍ക്ക മുന്നില്‍ സന്തോഷ് ട്രോഫി പടയോട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളം രാജസ്ഥാനെ അഞ്ചു ഗോളിന് മുക്കിയതിന്റെ ആഘോഷവേളയിലാണ് നൊമ്പരമായി ഈ വാര്‍ത്ത വരുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു കാല്‍ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയ.
ധമനികളിലെ രക്തയോട്ടം കുറഞ്ഞു സംഭവിക്കുന്ന ലിംബ് ഇസ്‌കീമിയ എന്ന രോഗമാണ് ദേവാനന്ദിനെ പിടികൂടിയത്. ഇന്‍ഫെക്ഷന്‍ സാധ്യതകൂടിയതോടെ ഇടതുകാല്‍ മുട്ടിനുമുകളില്‍വെച്ച് മുറിച്ചുനീക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലയ്ക്കും കേരളത്തിനും മുംബൈ ടാറ്റ ടീമിനും ഇന്ത്യന്‍ യൂത്ത് ടീമിനും വേണ്ടിയൊക്കെ കളിച്ചിട്ടുള്ള ദേവാനന്ദിന് ഏറ്റവും പ്രിയപ്പെട്ട വിജയം 1973-ലെ സന്തോഷ് ട്രോഫി കിരീടമാണ്.
ഒരിടവേളക്ക് ശേഷം സന്തോഷ് ട്രോഫിക്ക് കേരളം ആതിഥേയത്വം വഹിക്കുന്ന വേളയില്‍ നേരിട്ട് പോയി കാണുകയും ഗതകാല സ്മരണകള്‍ പുതുക്കകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഏത് കളിയും അദ്ദേഹം കാണും. ഫുട്‌ബോളിനെ കുറിച്ച് മാത്രമാകും വിളിക്കുമ്പോഴൊക്കെ സംസാരം. ഇതനിടയില്‍ ആരോഗ്യത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അത് വിട്ടുപോകും’ സഹതാരങ്ങളും സുഹൃത്തുക്കളുമായിരുന്ന എം.എം.ജേക്കബും ബ്ലാസി ജോര്‍ജും പറഞ്ഞു.
‘ടാറ്റ ടീമില്‍ കയറിപ്പറ്റുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് അന്നുതൊട്ടേ ദേവാനന്ദ് പറഞ്ഞിരുന്നത്. കസ്റ്റംസുകാര്‍ അടക്കം വിളിച്ചിരുന്നെങ്കിലും അദ്ദേഹം പോകാന്‍ തയ്യാറായില്ല. അഭിലാഷം നിറവേറ്റുന്നതിനായിട്ടാണ് ടാറ്റയില്‍ പോയി ചേര്‍ന്നത്. ലെഫ്റ്റ് വിങ് ബാക്കില്‍ കളിച്ച് പ്രതിഭ തെളിയിച്ച ദേവാനന്ദ് ഞങ്ങളുടെ തന്നെ ഹീറോ ആയിരുന്നു. ബാങ്കോക്കില്‍ പോയി ജേതാക്കളായ ജൂനിയര്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ദേവാനന്ദ്. അന്ന് രണ്ട് മലയാളികള്‍ മാത്രമായിരുന്നു ജൂനിയര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. ദേവാനന്ദിനെ കൂടാതെ സിസി ജേക്കബും അന്ന് ടീമംഗമായിരുന്നു’ ബ്ലാസി ജോര്‍ജ് പറഞ്ഞു.

1973-ലെ സന്തോഷ് ട്രോഫി ജയത്തിന് പിന്നാലെ ബോംബെ ടാറ്റാസിന് വേണ്ടിയാണ് പാഡണിഞ്ഞ ദേവാനന്ദ് താജ് ഹോട്ടലില്‍ പേഴ്‌സണല്‍ മാനേജാരായി പ്രവര്‍ത്തിച്ചു.2011-ലാണ് ടാറ്റയില്‍ നിന്ന് വിരമിച്ചത്.
ലിംബ് ഇസ്‌കീമിയയുടെ ലക്ഷണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിട്ടുണ്ട് ദേവാനന്ദിന്. മുംബൈയിലും ദീര്‍ഘനാള്‍ ചികിത്സിച്ചു. പിന്നീട് കേരളത്തിലെത്തിയ ശേഷവും ചികിത്സ തുടര്‍ന്നു. രോഗംകൂടുതല്‍ ഭാഗത്തേക്ക് വ്യാപിക്കുമെന്നായതോടെയാണ് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നത്.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ദേവാനന്ദിന്റെ അന്ത്യം. കണ്ണൂര്‍ സ്വദേശിയാണ് ദേവാനന്ദ്. ഏക മകന്‍ നിഖില്‍ വിപ്രോയില്‍ ജോലി ചെയ്യുന്നു. ഭാര്യ: ഷമ.