പ്രമേഹം ആരംഭിച്ചാൽ എന്തു ചെയ്യണം

0
89

രക്തത്തിൽ പഞ്ചസാര കൂടി നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹത്തിന്റെ ആരംഭ നാളുകളില്‍, പ്രത്യേകിച്ച് അമിത വണ്ണക്കാരില്‍ പലരിലും രോഗം മാറ്റിയെടുക്കുവാന്‍ സാധിക്കും. ഇതിന് നന്നായി ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടത്. ഐസിഎംആര്‍ നിഷ്‌ക്കര്‍ഷിക്കുന്ന ഉദര ചുറ്റളവ് സ്ത്രീകളില്‍ 80 സെമി ല്‍ താഴെയും പുരുഷന്മാരില്‍ 90 സെമി ല്‍ താഴെയും ആണ്.

ശരീരത്തിലെ കൊഴുപ്പ് ശരീരഭാരത്തിന്റെ 25 % ല്‍ താഴെ പുരുഷന്മാരിലും 32 % ല്‍ താഴെ സ്ത്രീകളിലും ആയിരിക്കണം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാന്‍ സാധിച്ചാല്‍ ആരംഭക്കാരില്‍ പലരിലും വര്‍ഷങ്ങളോളം രോഗം മാറ്റി നിര്‍ത്തുക സാധ്യമാണ്. ഇത് മനസ്സിലാക്കി നന്നായി ഭക്ഷണം ക്രമീകരിക്കുകയും നിത്യേന അര മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുകയുമാണ് വേണ്ടത്. എന്നാല്‍ ഇതു കൊണ്ട് മാത്രം കുറയാതെ വരികയാണെങ്കില്‍ മരുന്നുകള്‍ വേണ്ടി വന്നേക്കും.

പല തരത്തിലുള്ള ഗുളികകളും ഇന്‍സുലിനും ലഭ്യമാണ്. ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂട്ടുന്ന ഗുളികകളും അതുപോലെ ഇന്‍സുലിന്റെ അളവ് കൂട്ടുന്ന ഗുളികകളും ഉണ്ട്. ഏത് ഗുളിക വേണം എന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം തീരുമാനിക്കേണ്ടത്. സാധാരണ, ഭാരം കൂട്ടാത്ത രക്തത്തിലെ പഞ്ചസാര തീരെ കുറഞ്ഞുപോകുന്ന അവസ്ഥ (ഹൈപ്പോഗ്ലൈസീമിയ) ഉണ്ടാക്കാത്ത ഗുളികകള്‍ക്കാണ് മുന്‍ഗണന. ഇന്‍സുലിന്‍ ശരീരത്തില്‍ നന്നേ കുറഞ്ഞിരിക്കുന്ന അവസ്ഥ അത് ദീര്‍ഘനാളിനു ശേഷമുള്ള ടൈപ്പ് 2 പ്രമേഹത്തിലോ അല്ലെങ്കില്‍ ആരംഭത്തില്‍ തന്നെയുള്ള ടൈപ്പ് 1 പ്രമേഹത്തിലും ഇന്‍സുലിന്‍ തന്നെയാണ് ഉത്തമ ചികിത്സ.