തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 617 പോയന്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ

0
80

മുംബൈ: രണ്ട് വ്യാപാര ദിനങ്ങളിലായുണ്ടായ വില്പന സമ്മര്‍ദത്തില്‍ സെന്‍സെക്‌സിന് നഷ്ടമായത് 1,500 പോയന്റ്. നിഫ്റ്റിയാകട്ടെ 503 പോയന്റും ഇടിഞ്ഞു.
തിങ്കളാഴ്ച ദിനവ്യാപാരത്തിനിടെ സെന്‍സെക്‌സിന് 840 പോയന്റും നിഫ്റ്റിക്ക് 283 പോയന്റും നഷ്ടമായി. ഒടുവില്‍ സെന്‍സെക്‌സ് 617.26 പോയന്റ് താഴ്ന്ന് 56,579.89ലും നിഫ്റ്റി 218 പോയന്റ് നഷ്ടത്തില്‍ 16,954ലിലുമാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കുത്തനെയുള്ള നിരക്കു വര്‍ധനയെക്കുറിച്ചുള്ള ഭീതിയാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഉത്പന്ന വിലകളിലെ കുതിപ്പും കോവിഡ് കേസുകളിലെ വര്‍ധനവും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു.
കോള്‍ ഇന്ത്യ, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ 6.5ശതമാനംവരെ നഷ്ടംനേരിട്ടു. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, നെസ് ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. റിയാല്‍റ്റി സൂചിക നാലുശതമാനത്തോളം താഴ്ന്നു. മെറ്റല്‍ സൂചിക മൂന്നു ശതമാനവും. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്കാകട്ടെ രണ്ടുശതമാത്തോളം നഷ്ടമായി.