വീടിന് തീ പിടിച്ച് അച്ഛനും അമ്മയും വെന്തുമരിച്ചു, മകൾക്ക് ഗുരുതരം

0
78

ഇടുക്കി: പുറ്റടിയിൽ വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു. രവീന്ദ്രൻ (54), ഭാര്യ ഉഷ (45) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ (17) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

തീപിടുത്തം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. പൊള്ളലേറ്റ ശ്രീധന്യയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. നാട്ടുകാർ ഉടൻ വണ്ടൻമേട് പൊലീസിനെ അറിയിച്ചു. കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രവീന്ദ്രനും, ഭാര്യ ഉഷയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്രീധന്യയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.

രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. താൽകാലികമായി നിർമ്മിച്ച വീടിന്റെ ഒരു മുറി മാത്രമാണ് കത്തി നശിച്ചിരിക്കുന്നത്. അണക്കരയിൽ വ്യാപാര സ്ഥാപനം നടത്തിവരുന്ന രവീന്ദ്രൻ രണ്ടു വർഷം മുൻപാണ് പുറ്റടി ഹോളി ക്രോസ് കോളേജിനു സമീപം പുതിയ വീട് നിർമാണം ആരംഭിച്ച് താമസം തുടങ്ങിയത്. വണ്ടൻമേട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.