2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ്; എംപവർ കമ്മിറ്റിയുമായി കോൺഗ്രസ്

0
104

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഒരു എംപവർ കമ്മിറ്റിയെ നിയോ​ഗിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. പ്രശാന്ത് കിഷോറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതാധികാര കർമ്മസമിതി രുപീകരിക്കും. കൂടാതെ കോൺ​ഗ്രസിൻ്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ച‍ർച്ച ചെയ്യാനായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി വിളിച്ച ചിന്തിൻ ശിബിർ അടുത്ത മാസം രാജസ്ഥാനിൽ നടക്കും. ഇന്ന് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗമാണ് പരിപാടിക്ക് അന്തിമരൂപം നൽകിയത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പാർട്ടിയുടെ പുനരുജ്ജീവനത്തിനായി സമർപ്പിച്ച പദ്ധതിയെക്കുറിച്ച് പഠിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ ഉന്നതതലയോ​ഗം വിശദമായ ചർച്ച നടത്തിയെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല അറിയിച്ചു. എ.കെ.ആൻ്റണി, പി.ചിദംബരം, കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി തുടങ്ങിയ മുതിർ‍ന്ന നേതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു. പ്രശാന്ത് കിഷോർ ഇന്നത്തെ യോ​ഗത്തിൽ പങ്കെടുത്തിട്ടില്ല.

രാജസ്ഥാനിലെ ഉദയ്പൂരിൽ ചേരുന്ന ചിന്തൻ ശിവിറിന് പാർട്ടി ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചിന്തിൻ ശിബിറിൽ ചർച്ച ചെയ്യേണ്ട വിവിധ വിഷയങ്ങൾ ക്രോഡീകരിക്കാൻ സോണിയാ ​ഗാന്ധി വിവിധ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, പാർട്ടി ദേശീയ ഭാരവാഹികൾ, സംസ്ഥാന അധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. സംഘടനാ പ്രശ്നങ്ങളും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങൾ കൂടാതെ കർഷകരുടെയും യുവാക്കളുടെയും പ്രശ്നങ്ങളും ചിന്തിൻ ശിബിറിൽ ചർച്ചയാവും.