ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി അദാനി; വാറൻ ബഫറ്റിനെ പിന്തള്ളി ; ആസ്തി 123.7 ബില്യൺ ഡോളറായി ഉയർന്നു

0
91

ശതകോടീശ്വരനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി ഉയർന്നുവെന്ന് റിപ്പോർട്ട്. നിക്ഷേപകൻ വാറൻ ബഫറ്റിനെ പിന്തള്ളിയാണ് അദാനി നേട്ടം കൈവരിച്ചത്. ഫോർബ്‌സ് പുറത്തുവിടുന്ന റിപ്പോർട്ട് അനുസരിച്ച് 59-കാരനായ അദാനിക്ക് 123.7 ബില്യൺ ഡോളർ ആസ്തിയുണ്ടെന്നാണ് കണക്ക്. വാറൻ ബഫറ്റിന്റേത് 121.7 ബില്യൺ ഡോളറാണ്. വെള്ളിയാഴ്ചയോടെയാണ് ബഫറ്റിനെ അദാനി മറികടന്നത്. വ്യാവസായിക പ്രമുഖനായ ഗൗതം അദാനി 2022ൽ മാത്രം നേടിയ സമ്പാദ്യം 43 ബില്യൺ ഡോളറാണ്.

ബ്ലൂംബർഗ് ബില്യണയർ ഇൻഡക്‌സ് പ്രകാരം അദാനിയുടെ പോർട്ട്‌ഫോളിയോയിൽ 56.2 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇനി അദാനിക്ക് മുമ്പിൽ നാല് ശതകോടീശ്വരൻമാർ മാത്രമാണുള്ളത്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് (130.2 ബില്യൺ ഡോളർ) ബെർനാർഡ് അർനോൾട്ട് (167.9 ബില്യൺ ഡോളർ) ജെഫ് ബെറോസ് (17.02 ബില്യൺ ഡോളർ), ഇലോൺ മസ്‌ക് ( 269.7 ബില്യൺ ഡോളർ ) എന്നിങ്ങനെയാണ് അദാനിക്ക് മുകളിലുള്ള ലോകത്തെ ശതകോടീശ്വരന്മാരുടെ കണക്ക്.

അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും 59-കാരനുമായ ഗൗതം അദാനി തുറമുഖങ്ങളും എയ്‌റോസ്‌പേസും മുതൽ താപവൈദ്യുത വിതരണ നിലയങ്ങൾ വരെ നിയന്ത്രിക്കുന്നയാളാണ്.  അദാനി ഗ്രൂപ്പിന് കീഴിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്യാസ് എന്നീ സ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ ദിവസം ടൈംസ് നെറ്റ് വർക്ക് സംഘടിപ്പിച്ച ഇന്ത്യ ഇക്കണോമിക്ക് കോൺക്ലേവിൽ പങ്കെടുത്ത അദ്ദേഹം 10,000 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ പട്ടിണി ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2050 ഓടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്ക് 25 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കുമെന്നും ഓഹരി വിപണി മൂലധനത്തിലേക്ക് 40 ട്രില്യൺ ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.