ഞങ്ങളും കൃഷിയിലേക്ക്’: പദ്ധതിക്ക് പാറശാല പഞ്ചായത്തില്‍ തുടക്കമായി

0
241

 

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. നെല്‍ കൃഷിയിലും വിപണനത്തിലും പാറശാല മണ്ഡലത്തെ ഒരു ‘ബ്രാന്‍ഡ്’ ആക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജൈവ പച്ചക്കറി കൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു. പച്ചക്കറി കൃഷിക്കുള്ള തൈ നടലും കര്‍ഷകര്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുക, വിഷരഹിതവും സുരക്ഷിതവുമായ ഭക്ഷ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ‘ഞങ്ങളും കൃഷിലേക്ക്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി പാറശാല ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ എല്ലാ വാര്‍ഡുകളിലും ക്യാമ്പയ്‌നുകള്‍ സംഘടിപ്പിച്ചു. പദ്ധതി സംബന്ധമായ അവബോധ ക്ലാസും പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണവും നടത്തി.

പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന രണ്ട് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. പഞ്ചായത്തിലെ മറ്റ് തരിശ് ഭൂമിയിലേക്കും കൃഷി വ്യാപിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്ത്, തൈകള്‍, വളം എന്നിവ കൃഷി ഭവന്‍ വഴി വിതരണം ചെയ്യും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ വിത്തുകള്‍ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിത്ത് ബാങ്കും കൃഷി ഓഫീസില്‍ സജ്ജീകരിച്ചു.

മുറിയതോട്ടം വാര്‍ഡില്‍ നായനാന്‍വിളാകത്ത് വയലില്‍ നടന്ന ചടങ്ങില്‍ പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത, വൈസ് പ്രസിഡന്റ് ആര്‍ ബിജു, വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍ ലീന എസ്.എല്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ -തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.