തുറമുഖം പണിയാൻ പാറയില്ലെന്നു അദാനി; എട്ട് പുതിയ പാറമടകൾ അനുവദിച്ചു പിണറായി സർക്കാർ

0
125

തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്റെ ആവശ്യ പ്രകാരം വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനുവേണ്ട പാറലഭ്യമാക്കുന്നതിന് എട്ട് പുതിയ പാറമടകള്‍ സര്‍ക്കാര്‍ അനുവദിച്ചു.

മൂന്നുമാസത്തിനകം പാറ ലഭിച്ചുതുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.

പാറക്ഷാമമാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ മുഖ്യ വെല്ലുവിളിയെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി എട്ട് പുതിയ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രാഥമിക ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കാലവര്‍ഷം കഴിയുമ്ബോഴേക്കും പദ്ധതിക്കാവശ്യമായ പാറ സംസ്ഥാനത്തുനിന്നുതന്നെ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വര്‍ഷം ഡിസംബറില്‍ ആദ്യ കപ്പല്‍ എത്തുമെന്നും. തുറമുഖ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നു മന്ത്രി പറഞ്ഞു. വരുന്ന മണ്‍സൂണ്‍ കാലത്ത് കടല്‍ പ്രക്ഷുബ്ധമല്ലാത്ത മുഴുവന്‍ സമയങ്ങളിലും ബ്രേക്ക് വാള്‍ നിര്‍മാണം തുടരും.

നിലവില്‍ 18 ബാര്‍ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ പാതയിലെ ജംഗ്ഷന്‍ വികസനം ഡെപ്പോസിറ്റ് വര്‍ക്കായി നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തു പൂര്‍ത്തിയാക്കും. ഇതിന്റെ ഭൂമിയേറ്റെടുക്കല്‍ പുരോഗമിക്കുന്നു. റെയില്‍വേ ലൈനിന്റെ ഡി.പി.ആറിനും അംഗീകാരമായി. പുതിയ എട്ട് മൈനുകളില്‍ നിന്നു കല്ല് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 26 ഹെക്ടര്‍ ഭൂമിക്ക് പാഡിവെറ്റ്‌ലാന്‍ഡ് ക്ലിയറന്‍സ് ലഭിച്ചു.

തുറമുഖത്തിന്റെ അനുബന്ധ വ്യവസായ സംരംഭങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.ശ്രീലങ്കയിലെ പുതിയ സാഹചര്യങ്ങള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ച്‌ തുറമുഖ നിര്‍മാണം ദ്രുതഗതിയിലെത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദാനി വിഴിഞ്ഞം തുറമുഖ കമ്ബനി ഉദ്യോഗസ്ഥരുമായി അദേഹം ചര്‍ച്ച നടത്തി.