കോവിഡ് പ്രതിസന്ധി മറികടക്കാൻ കേരള ബാങ്ക് ആരംഭിച്ച ‘ബി ദി നമ്പർ വൺ’ ക്യാമ്പയിൻ ബിസിനസ് വളർച്ചയിലും നിഷ്‌ക്രിയ ആസ്‌തി കുറയ്‌ക്കുന്നതിലും വൻവിജയം കൈവരിച്ചതായി മന്ത്രി വി എൻ വാസവനും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലുമാസത്തെ ക്യാമ്പയിനുമുമ്പ് 27.93 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്‌തി 12.79 ശതമാനമായി കുറച്ചു. നവംബറിൽ 68022 കോടിയായിരുന്ന നിക്ഷേപം മാർച്ചിൽ 69940.84 കോടി രൂപയായി. വായ്‌പ നവംബറിൽ 40799.98 കോടിയായിരുന്നത് മാർച്ചിൽ 42087.27 കോടിയാക്കാനും കഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തികവർഷം 5631.58 കോടി രൂപയുടെ ബിസിനസ് വളർച്ച കൈവരിച്ചു. 2020–-21ൽ 106396.53 കോടിയായിരുന്ന ബിസിനസ് 2021–-22ൽ 112028.11 കോടിയായി. നിക്ഷേപം മുൻവർഷത്തെ 66731.60 കോടിയിൽനിന്ന് 2021–-22ൽ 69940.84 കോടിയായി. നിക്ഷേപ സമാഹരണ ലക്ഷ്യം 1000 കോടിയായിരുന്നു. എന്നാൽ 3000 കോടി രൂപയുടെ നിക്ഷേപം നേടാനായി. പ്രളയം, കോവിഡ് പ്രതിസന്ധികൾ മറികടന്ന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ബാങ്കിന്റെ വളർച്ചയുടെ 80 ശതമാനവും ‘ബി ദി നമ്പർ വൺ’ ക്യാമ്പയിൻ കാലയളവിലാണ്.
വായ്‌പ തിരിച്ചടവിനു ശേഷിയില്ലാത്ത 30 കുടിശ്ശികക്കാരുടെ വായ്‌പ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് അടച്ചുതീർത്തു. എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ആർടിജിഎസ്, നെഫ്‌റ്റ് സംവിധാനങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 769 ശാഖകളുള്ള ബാങ്ക് മലപ്പുറംകൂടി ഉൾപ്പെടുത്തുന്നതോടെ പ്രവർത്തനമേഖല വിപുലീകരിക്കുകയാണ്. ഇതുകൂടി പൂർത്തിയാകുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാകുമെന്നും മന്ത്രി പറഞ്ഞു.